തൂക്കുകയറില്‍നിന്ന് ജീവിതത്തിലേക്ക് എത്തിച്ച മനുഷ്യനെ ആദ്യമായി നേരില്‍ക്കണ്ട് നന്ദിപറഞ്ഞ് ബെക്സ് കൃഷ്ണ

ബെക്സ് നന്ദി പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി.2012ല്‍ അബൂദബിയില്‍ നടന്ന കാറപകടത്തില്‍ സുഡാന്‍ വംശജനായ കുട്ടി മരിച്ച കേസില്‍ കാര്‍ ഡ്രൈവറായ തൃശൂര്‍ പുത്തന്‍ചിറ ബെക്സ്‌ കൃഷ്ണയെ യു.എ.ഇ സുപ്രീംകോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. യൂസുഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവില്‍ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരുകോടിയോളം രൂപ നല്‍കിയാണ് വധശിക്ഷയില്‍നിന്ന് രക്ഷിച്ചത്.ബെക്സ് കൃഷ്ണയും കുടുംബവും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയെ കണാനെത്തിയപ്പോള്‍തുടര്‍ന്ന് ബെക്സിനെ നാട്ടില്‍ എത്തിക്കുന്നതുവരെ യൂസുഫലിയുടെ ഇടപെടലുണ്ടായി. തനിക്ക് രണ്ടാമത് ജീവിതം സമ്മാനിച്ച യൂസുഫലിയെ നേരിട്ട് കാണണമെന്ന ബെസ്കിന്റെ ആഗ്രഹമാണ് നിറവേറിയത്. കേരള വിഷന്‍ 15ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി എത്തിയപ്പോഴാണ് സംഗമത്തിന് വേദിയായത്.കുടുംബത്തോടൊപ്പം എത്തിയ ബെക്സ് കൃഷ്ണ സംഭാഷണമധ്യേ യൂസുഫലിയെ നോക്കി ‘എന്നെ ദൈവത്തെ പോലെ വന്ന് രക്ഷപ്പെടുത്തി’… എന്നുപറഞ്ഞ് മുഴുമിപ്പിക്കും മുമ്ബ് ബെക്സിനെ കെട്ടിപ്പിടിച്ച്‌ യൂസുഫലി ഇടപെട്ടു. ഒരിക്കലും അങ്ങനെ പറയരുത് താന്‍ ദൈവം നിയോഗിച്ച ഒരു ദൂതന്‍ മാത്രമാണെന്നായിരുന്നു യൂസുഫലിയുടെ വാക്കുകള്‍. ജാതിയും മതവും ഒന്നുമല്ല മനുഷ്യസ്നേഹമാണ് ഏറ്റവും വലുത് താന്‍ അതിലെ ഒരു നിമിത്തം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബെക്സ് കൃഷ്ണയുടെ ഭാര്യ വീണ, മകന്‍ അദ്വൈത്, ഇളയ മകളായ ഈശ്വര്യ എന്നിവരും യൂസുഫലിയെ കാണാനെത്തിയിരുന്നു.2012 സെപ്റ്റംബര്‍ ഏഴിനായിരുന്നു ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തകര്‍ന്നുപോയ കുടുംബം, ബന്ധു മുഖേന എം.എ. യൂസുഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു.കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ശിശുക്കള്‍ക്ക് കേരള വിഷന്‍ നേതൃത്വത്തില്‍ നല്‍കുന്ന ‘എന്റെ കണ്‍മണിക്ക് ഒരു ഫസ്റ്റ് ഗിഫ്റ്റ്’ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഈ സമാഗമം. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എം.എ. യൂസുഫലി നിര്‍വഹിച്ചു. കേരള വിഷന്‍ എം.ഡി രാജ്മോഹന്‍ മാമ്ബ്രയും ചടങ്ങില്‍ സംബന്ധിച്ചു.

Comments (0)
Add Comment