ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയിച്ചത്.അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞിട്ടു. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.ഇതേ വേദിയില്‍ ഡിസംബര്‍ 13ന് നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയിലെത്തിയതോടെയാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ അര്‍ജന്റീന ബോക്‌സില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്‌സ് സമനില ഗോള്‍ നേടിയത്.നെതര്‍ലന്‍ഡ്‌സ് ഗോള്‍ നേടിയതോടെ ഇരു ടീമുകളും 2-2 എന്ന നിലയില്‍ സമനിലയിലെത്തി.നെതര്‍ലന്‍ഡ്‌സിനായി പകരക്കാരനായെത്തിയ വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോള്‍ നേടി. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്‌ഹോസ്റ്റിന്റെ ഗോളുകള്‍ പിറന്നത്.അര്‍ജന്റീനയ്ക്കായി നഹുവേല്‍ മൊളീന (35ാം മിനിറ്റ്), ലയണല്‍ മെസ്സി (73ാം മിനിറ്റ്, പെനല്‍റ്റി) എന്നിവരാണ് ഗോളുകള്‍ നേടിയത്.അര്‍ജന്റീന നെതര്‍ലന്‍ഡ്സ് പോരാട്ടം ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത ലോകകപ്പ് മത്സരമെന്ന റെക്കോര്‍ഡാണ് പിറന്നത്.