പോര്‍ച്ചുഗലിനെ തകര്‍ത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയില്‍

ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 42ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ഇടത് പാര്‍ശ്വത്തില്‍ നിന്നും യാഹിയ അള്ളാ നല്‍കിയ മികച്ചൊരു ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ എന്‍ നെസിരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്.അതോടെ ആദ്യ പകുതി 1-0 എന്ന നിലയില്‍ അവസാനിച്ചു. കാര്യമായ ആക്രമണങ്ങള്‍ ഒന്നുംതന്നെ പോര്‍ച്ചുഗലിന് ആദ്യ പകുതിയില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ഉറച്ചാണ് പറങ്കിപ്പട കളത്തിലിറങ്ങിയത്. അതിനായി തുടക്കത്തില്‍ തന്നെ റൂബന്‍ നെവെസിന് പകരം സാന്‍്റോസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറക്കി. പക്ഷേ പോര്‍ച്ചുഗലിന്‍്റെ ശ്രമങ്ങള്‍ക്ക് എല്ലാം മൊറോക്കോ തടയിടുകയായിരുന്നു. ഗോള്‍മുഖത്തെ മൊറോക്കന്‍ കീപ്പര്‍ ബോനോയുടെ മിന്നും പ്രകടനവും പോര്‍ച്ചുഗലിന് തിരിച്ചടിയായി.ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ മൊറോക്കോയുടെ ചെദ്ദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും അവസരം മുതലാക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞില്ല. അത്രക്കും മികച്ച പ്രകടനമാണ് മൊറോക്കന്‍ താരങ്ങള്‍ കളത്തില്‍ കാഴ്ചവെച്ചത്. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പട മൊറോക്കോയ്ക്ക് മുന്നില്‍ മുട്ടു മടക്കുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ ചരിത്രം രചിച്ചുകൊണ്ട് മൊറോക്കോ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.മൊറോക്കോയുടെ ഈയൊരു തേരോട്ടത്തിന് മുന്നില്‍ അടിതെറ്റിയത് ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വമ്ബന്‍ ടീമുകള്‍ക്കും. ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ളൊരു കുതിപ്പാണ് മൊറോക്കോ നടത്തിക്കൊണ്ടിരിക്കുന്നത്. നടക്കുവാന്‍ പോകുന്ന ഫ്രാന്‍സ്-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും മൊറോക്കോ സെമിഫൈനലില്‍ നേരിടുക.ഈയൊരു പരാജയത്തോടെ തന്‍്റെ അവസാന ലോകകപ്പില്‍ കണ്ണീരോടെ മടങ്ങാന്‍ ആയിരുന്നു റൊണാള്‍ഡോയുടെ വിധി. കരഞ്ഞുകൊണ്ട് താരം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത് കണ്ടിരുന്ന ആരാധകരെയും കണ്ണീരിലാഴ്‌ത്തി.

Comments (0)
Add Comment