ബഹ്റൈനിലെ ആദ്യത്തെ യു-ടേണ്‍ ഫ്ലൈഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു

നിര്‍മ്മാണം പുരോഗമിക്കുന്ന അല്‍ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച യു-ടേണ്‍ ഫ്ലൈഓവര്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസന്‍ അല്‍ ഹവാജാണ് ഉദ്ഘാടനം ചെയ്തത്.ജുഫൈറില്‍നിന്ന് പ്രിന്‍സ് സഊദ് അല്‍ ഫൈസല്‍ റോഡിലൂടെ അല്‍ ഫാത്തിഹ് ഹൈവേയില്‍ പ്രവേശിച്ച്‌ തെക്ക് ഭാഗത്തേക്കും മിനാ സല്‍മാനിലേക്കും പോകുന്നവരെ ഉദ്ദേശിച്ചാണ് യു-ടേണ്‍ ഫ്ലൈഓവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ശൈഖ് ദുഐജ് റോഡിലേക്ക് പോകുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. പ്രിന്‍സ് സഊദ് അല്‍ ഫൈസല്‍ റോഡില്‍നിന്ന് അല്‍ ഫാതിഹ് ഹൈവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനുള്ള പാത അടക്കുകയും ചെയ്യും. ഇവിടെയുള്ള ട്രാഫിക് സിഗ്നല്‍ സ്ഥിരമായി അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇത്.

അല്‍ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച യു-ടേണ്‍ ഫ്ലൈഓവര്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസന്‍ അല്‍ ഹവാജ് ഉദ്ഘാടനം ചെയ്യുന്നു40.5 മില്യണ്‍ ദിനാര്‍ ചെലവില്‍ നടപ്പാക്കുന്ന അല്‍ ഫാതിഹ് ഹൈവേ വികസനം ഇതുവരെ 51 ശതമാനം പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. 2021 ഏപ്രിലില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2024ല്‍ പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ അല്‍ ഫാത്തിഹ് ഹൈവേയിലൂടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ല്‍നിന്ന് 140,000 ആയി ഉയരും.മനാമ ഭാഗത്തുനിന്ന് പ്രിന്‍സ് സൗഉദ് അല്‍ ഫൈസല്‍ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവര്‍ക്കായി നിര്‍മിക്കുന്ന ലെഫ്റ്റ് ടേണ്‍ ഫ്ലൈഓവറിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഗള്‍ഫ് ഹോട്ടല്‍ ജംഗ്ഷനില്‍ ഇരുദിശയിലേക്കും മൂന്ന് വരി അടിപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

Comments (0)
Add Comment