യു.എ.ഇയിലെ സ്കൂളുകള്‍ അടച്ചു; ഇനി അവധിക്കാലം

ഇതോടെ, രക്ഷിതാക്കളും കുട്ടികളും നാട്ടിലേക്ക് പറന്നുതുടങ്ങി. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് സ്കൂളുകള്‍ തുറക്കുക. ഏഷ്യന്‍ സ്കൂളുകളിലെ രണ്ടാംപാദമാണ് അവസാനിച്ചത്.ക്രിസ്മസും ന്യൂ ഇയറും വരാനിരിക്കുന്നതിനാല്‍ നിരവധി കുട്ടികളും മാതാപിതാക്കളും കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, കനത്ത നിരക്കാണ് നാട്ടിലേക്ക് ഈ ദിനങ്ങളില്‍ വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്.ഇതുമൂലം യാത്ര മാറ്റിവെച്ചവരും നിരവധിയാണ്. അതേസമയം, ഈ മാസം തുടക്കത്തില്‍ രാജ്യത്തിന്‍റെ ദേശീയദിന അവധി വന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച മാത്രമാണ് ഡിസംബറില്‍ പ്രവൃത്തിദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാല്‍ പല കുടുംബങ്ങളും ഈ മാസം തുടക്കത്തില്‍തന്നെ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ എയര്‍ ഇന്ത്യ ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, നാട്ടിലേക്ക് തിരിക്കാനുള്ളവരില്‍ പലരും നേരത്തെതന്നെ കൂടിയ തുകക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും നാടണയുകയും ചെയ്തു.ഭേദപ്പെട്ട നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതോടെ അടുത്ത ആഴ്ചകളിലായി കൂടുതല്‍ കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കും. സ്കൂള്‍ തുറക്കുന്ന ജനുവരി ആദ്യ വാരവും ടിക്കറ്റ് നിരക്ക് കൂടുതലാണ്. ജനുവരി 15 വരെ ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ പലരും അതിന് ശേഷമായിരിക്കും മടങ്ങിയെത്തുക. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടുമെങ്കിലും കുടുംബസമേതം എത്തുമ്ബോള്‍ ടിക്കറ്റ് ഇനത്തില്‍ വലിയൊരു തുക നഷ്ടമാകാതിരിക്കാനാണ് പ്രവാസികള്‍ യാത്ര വൈകിക്കുന്നത്. അടുത്ത പാദത്തിലാണ് വാര്‍ഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോര്‍ഡ് പരീക്ഷകളും നടക്കുക.

Comments (0)
Add Comment