റാസ് അബു അബൂദ് സ്റ്റേഡിയം പൊളിച്ചുതുടങ്ങി

974 കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച റാസ് അബൂഅബൂദ് സ്‌റ്റേഡിയത്തിനും ഫൈനല്‍ വിസില്‍ മുഴങ്ങി. 974 സ്റ്റേഡിയം പൊളിച്ച്‌ നീക്കാനുള്ള നടപടികളിലേക്ക് ഖത്തര്‍ കടന്നു.ഡിസംബര്‍ 18ന് കലാശപ്പോരാട്ടത്തിന് ഒടുവിലായിരിക്കും ഖത്തര്‍ സ്‌റ്റേഡിയം പൂര്‍ണമായും പൊളിച്ചുനീക്കം എന്നാണ് അധികൃതര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിന് ശേഷം പൊളിച്ചു നീക്കുന്ന ആദ്യ സ്റ്റേഡിയമാവും ദോഹ കോര്‍ണിഷിന് അരികിലായുള്ള 974 സ്‌റ്റേഡിയം.40,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന 974 സ്‌റ്റേഡിയം റിസൈക്കിള്‍ ചെയ്യാനാവുന്ന ഷിപ്പിങ് കണ്ടെയ്‌നറുകളും സ്റ്റീലും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 974 പൊളിച്ചതിന് ശേഷം അവശിഷ്ടങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കും.ഖത്തര്‍ ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ക്കാണ് 974 സ്റ്റേഡിയം വേദിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും പ്രീക്വാര്‍ട്ടറിലെ ഒരു മത്സരവും ഇവിടെ നടന്നു. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം കഴിഞ്ഞ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ വലിയ കയ്യടി നേടിയിരുന്നു. കളിക്കാരുടെ ഡഗൗട്ടും ഡ്രസ്സിങ് റൂമും ഉള്‍പ്പെടെ എല്ലാം നിര്‍മിച്ചത് കണ്ടെയ്‌നറുകള്‍ കൊണ്ട്. ഖത്തര്‍ ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയങ്ങളില്‍ എയര്‍ കണ്ടീഷന്‍ഡ് അല്ലാത്ത സ്റ്റേഡിയം 974 മാത്രമായിരുന്നു.

Comments (0)
Add Comment