ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ ദിനത്തില്‍ മേഘാലയയിലെ ഷില്ലോംഗില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തെക്കുറിച്ച് സംസാരിക്കവേ ഫുട്ബോളിന്‍റെ ഭാഷയിലേക്കു ചുവടുമാറുകയായിരുന്നു മോദി.ഖത്തറിലേതുപോലെ വലിയ ഉത്സവങ്ങള്‍ക്ക് ഇന്ത്യയും വേദിയാകും. ത്രിവര്‍ണ പതാകയ്ക്കായി ജനങ്ങള്‍ ആര്‍ത്തുവിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരും ഖത്തറിലെ മത്സരമാണ് ശ്രദ്ധിക്കുന്നത്. അവിടെ മത്സരിക്കുന്ന വിദേശരാജ്യങ്ങളുടെ ടീമുകളെ നോക്കുന്നു. എന്നാല്‍, രാജ്യത്തെ യുവജനങ്ങളില്‍ എനിക്കു വിശ്വാസമുണ്ട്. അതിനാല്‍ ലോകകപ്പ് ഉത്സവം ഇന്ത്യയില്‍ നടക്കുന്ന ദിനം വിദൂരമല്ലെന്ന് ഉറപ്പുതരുന്നു-മോദി പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തെ ബാധിച്ച നിരവധി തടസങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാണിച്ചു.അഴിമതി, വിഘടനവാദം, രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യം, സംഘര്‍ഷം, പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസം എന്നിവയ്ക്കെതിരേ വിജയിക്കാന്‍ സര്‍ക്കാരിനായി. രാജ്യത്തെ ആദ്യത്തെ സ്പോര്‍ട്സ് സര്‍വകലാശാല മണിപ്പുരില്‍ സ്ഥാപിച്ചതുള്‍പ്പെടെ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്‍റെ ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി.കിഷന്‍ റെഡ്ഡി എന്നിവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പ്രസംഗം പിന്നീട് ബിജെപി ഔദ്യോഗിക ട്വിറ്ററിലും ഉള്‍പ്പെടുത്തി.