ലോകകപ്പ് സ്ക്വാഡിലെ മുഴുവന്‍ താരങ്ങളെയും കളത്തിലിറക്കി ചരിത്രം കുറിച്ച്‌ ബ്രസീല്‍

26 അംഗ സ്ക്വാഡിലെ എല്ലാവരും ഇതിനകം ബ്രസീലിനായി ഗ്രൗണ്ടിലിറങ്ങി.ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീമായി ബ്രസീല്‍ മാറി.പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ 80ാം മിനിറ്റില്‍ ഒന്നാം ഗോളി അലിസണ്‍ ബെക്കറിന് പകരം ബ്രസീലിയന്‍ ക്ലബായ പാല്‍മെരാസിന്റെ 34കാരനായ ഗോളി വെവര്‍ട്ടണ്‍ പെരേര ഡ സില്‍വയെയും കളത്തിലിറക്കിയതോടെയാണ് ചരിത്രം പിറന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ ഒമ്ബത് മാറ്റങ്ങളുമായാണ് ബ്രസീല്‍ ആദ്യ ഇലവനെ ഇറക്കിയത്.ഇതുവരെയുള്ള ലോകകപ്പുകളില്‍ 23 അംഗ സ്ക്വാഡാണ് ടീമുകള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നത്. 2014ല്‍ നെതര്‍ലാന്‍ഡ്സ് അന്ന് അനുവദിക്കപ്പെട്ടിരുന്ന 23 കളിക്കാരെയും കളത്തിലിറക്കി റെക്കോഡ് കുറിച്ചിരുന്നു. അതാണ് ബ്രസീല്‍ തിരുത്തിയത്.കൊറിയക്കെതിരായ മത്സരത്തില്‍ 4-1ന്റെ വിജയം നേടിയതോടെ തുടര്‍ച്ചയായ എട്ടാം തവണയും ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. വിനീഷ്യസ്, നെയ്മര്‍, റിച്ചാര്‍ലിസന്‍, ലൂക്കാസ് പക്വേറ്റ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ 76ാം മിനിറ്റില്‍ പയ്ക് സ്യൂങ് ഹോ നേടി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ജപ്പാനെ ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്.

Comments (0)
Add Comment