അഗ്നിപര്‍വത ലാവ വിരിയിച്ച പ്രകൃതി വിസ്മയമാണ് അല്‍ ബിദ മലനിരയുടെ വിസ്മയം

മദീനയുടെ വടക്കുഭാഗത്തെ അഗ്നിപര്‍വത മേഖലയായ ‘ഹരത് ഖൈബര്‍’ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ജബല്‍ അല്‍-ബിദയിലാണ് അഗ്നിപര്‍വത ഗര്‍ത്തം.മറ്റ് അഗ്നിപര്‍വത മേഖലകളില്‍നിന്നും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഈ പ്രദേശത്തേക്ക് ഭൗമശാസ്ത്ര വിദ്യാര്‍ഥികളും ശാസ്ത്ര കുതുകികളും ധാരാളമായി എത്തുന്നുണ്ട്.സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,000 മീറ്റര്‍ ഉയരത്തിലാണ് 1,350 മീറ്ററിലധികം വ്യാസമുള്ള ഈ വലിയ ഗര്‍ത്തം. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വത മേഖല കൂടിയാണിവിടം. തെക്കുകിഴക്ക് ഭാഗത്തുനിന്ന് അതിന്റെ വിശാലത ഏകദേശം എട്ട് കിലോമീറ്ററാണ്. ആകര്‍ഷകമായ വെളുത്ത നിറവും അഗ്നിപര്‍വത കോമന്‍ഡൈറ്റ് പാറകളാല്‍ ചുറ്റപ്പെട്ടതുമാണ് പ്രകൃതി വിസ്‌മയമായ ഈ ഗര്‍ത്തം. മരുഭൂമിയിലെ വൈവിധ്യമായ ചെടികളും മരങ്ങളും ധാരാളമായി അതിനുള്ളില്‍ വളരുന്നു.ലോകത്തുതന്നെ ഏറ്റവും അപൂര്‍വമായ അഗ്നിപര്‍വത പ്രദേശമാണ് ജബല്‍ അല്‍ ബിദായെന്ന് സൗദി ജിയോളജിസ്റ്റ് കോഓപറേറ്റിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ബിന്‍ ലബൗണ്‍ പറഞ്ഞു. ജബല്‍ അല്‍-ബിദ, ജബല്‍ അല്‍-അബ്യദ്, ജബല്‍ അല്‍-മന്‍സഫ് എന്നിങ്ങനെ മൂന്ന് അപൂര്‍വ അഗ്നിപര്‍വതങ്ങള്‍ ‘ഹരത് ഖൈബര്‍’ മേഖലയിലുണ്ട്. ഇളം ചാരനിറത്തിലുള്ള അസിഡിറ്റി അഗ്നിപര്‍വത പാറകളും സെല്ലുകളും ആയിരക്കണക്കിന് വര്‍ഷംമുമ്ബ് പൊട്ടിത്തെറിക്കുകയും അതിന് വെളുത്ത നിറം നല്‍കുകയും ചെയ്തുവെന്നാണ് നിഗമനം. ലോകമെമ്ബാടുമുള്ള ഭൗമ ശാസ്തജ്ഞരുടെയും പര്യവേക്ഷകരുടെയും ഗവേഷകരുടെയും വിനോദസഞ്ചാരികളുടെയും ലക്ഷ്യസ്ഥാനമായി ഈ പ്രദേശം മാറിയിരിക്കുന്നു.

സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചാണ് ഹരത് ഖൈബറിലെ ബസാള്‍ട്ടിക് ലാവയുള്ള പ്രദേശങ്ങള്‍ രൂപ്പെട്ടതെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 100 കിലോമീറ്ററോളം വടക്ക്, തെക്ക് ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഇവിടത്തെ അഗ്നിപര്‍വത മേഖല. എ.ഡി 600നും 700നും ഇടയിലാണ് പ്രദേശത്ത് അവസാനമായി അഗ്നിപര്‍വത സ്ഫോടനം നടന്നതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.അഗ്നിപര്‍വത സ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ ലാവ (ദ്രവ ശിലകള്‍) ഏറ്റവും കൂടുതലുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്ത് 23 ലാവ പ്രദേശങ്ങളാണുള്ളത്. യമനില്‍ ഏഴ്, സിറിയയില്‍ ആറ്, സുഡാനില്‍ അഞ്ച്, ലിബിയയില്‍ രണ്ട് എന്നിങ്ങനെ മൊത്തം അറബ് പ്രദേശങ്ങളില്‍ ഏകദേശം 21,500 ചതുരശ്ര കിലോമീറ്റര്‍ ലാവ പ്രദേശങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Comments (0)
Add Comment