പി.എന്‍.ബാബുരാജന് പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍.ബാബുരാജന് പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ സദസ്സില്‍ കേരളത്തിലെ യു.എ.ഇ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഉബൈദ് ഖലീഫ ബക്കീത്ത് അബ്ദുല്ല അല്‍ കഅബിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മുന്‍ പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫ്, കെ.കെ.രമ എം.എല്‍.എ, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ലിറ്ററസി ഡവലപ്‌മെന്റ് പ്രസിഡണ്ട് ഡോ. കെ.പി. ഹരീന്ദ്രന്‍ ആചാരി, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ സനില്‍ കെ.എസ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ കൈരളി പ്രതിനിധി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് പി.എന്‍. ബാബുരാജനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറ സാന്നിധ്യമാണ്.കേരള തലസ്ഥാന നഗരിയില്‍ പൗരപ്രമുഖരെ സാക്ഷിനിര്‍ത്തി ബാബുരാജന് സമ്മാനിച്ച പ്രവാസി ഭാരതി കേരള പുരസ്‌കാരം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരമാണെന്ന് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ പി.എന്‍. ബാബുരാജന്‍ പറഞ്ഞു.

Comments (0)
Add Comment