പുതുവര്‍ഷത്തില്‍ പിഎസ്ജിക്ക് പരാജയത്തുടക്കം

ഞായറാഴ്ച നടന്ന ലീഗ് വണ്‍ മത്സരത്തില്‍ ലെന്‍സിനോടാണ് പിഎസ്ജി തോല്‍വി വഴങ്ങിയത്.ഫ്രെഞ്ച് ലീഗില്‍ എതിരാളികളില്ലാതെ കുതിച്ച പിഎസ്ജിയെ ലെന്‍സ് എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ മുതലുള്ള പാരിസ് സെന്റ് ജര്‍മന്റെ അപരാജിത കുതിപ്പാണ് ഇന്നലെ ലെന്‍സ് അവസാനിപ്പിച്ചത്.സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഇല്ലാതെയാണ് പിഎസ്ജി മത്സരത്തിനിറങ്ങിയത്. ലോകകപ്പിന് ശേഷം മെസ്സി ഇതുവരെ ടീമിനൊപ്പം എത്തിയിട്ടില്ല. സ്ട്രാസ്ബര്‍ഗിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെയാണ് ലെന്‍സിനെതിരെയുള്ള മത്സരം നഷ്ടമായത്. കഴിഞ്ഞ മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ കിലിയന്‍ എംബാപ്പെ നിറംമങ്ങിയതും പിഎസ്ജിക്ക് തിരിച്ചടിയായി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി കഷ്ടിച്ച്‌ വിജയിച്ചിരുന്നു.സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ ഗോളടിച്ചായിരുന്നു ലെന്‍സ് ചാമ്ബ്യന്മാരെ ഞെട്ടിച്ചത്. താളം തെറ്റിയ പിഎസ്ജി ബോക്‌സിലേക്ക് ആക്രമിച്ചു കയറിയ പ്രെമിസ്‌ലോ ഫ്രാങ്കോവ്‌സ്‌കിയാണ് ലെന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനുട്ടിനുള്ളില്‍ ഹ്യൂഗോ എക്കിറ്റിക്കെയിലൂടെ പിഎസ്ജി സമനില പിടിച്ചു. പക്ഷേ 28-ാം മിനുട്ടില്‍ ലൂയിസ് ഓപ്പണ്‍ഡയും 47-ാം മിനുട്ടില്‍ അലക്‌സിസ് ക്ലൗഡെ മൗറിസും ലെന്‍സിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു.ലെന്‍സിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് 14 വിജയവും 44 പോയിന്റുകളുമായി ലീഗില്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് പിഎസ്ജി. 40 പോയിന്റുകളുള്ള ലെന്‍സ് ആണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

Comments (0)
Add Comment