ന്യൂഡല്‍ഹി: കഠിനമായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിയാച്ചിനില്‍ ശിവയെ നിയോഗിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍ അറിയിച്ചു.15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ഉത്തര ഗ്ലേഷ്യര്‍ ബറ്റാലിയന്റെ ആസ്ഥാനമായ കുമാര്‍ പോസ്റ്റില്‍ മൂന്നു മാസത്തേക്കാണ് നിയമനം. ജനുവരി രണ്ടിന് സിയാച്ചിനിലെ ദൗത്യം തുടങ്ങിയ ശിവ അവിടെ ഒരു ടീമിന്റെ ലീഡര്‍ ആയിരിക്കും. ഇതോടെ യുദ്ധവിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും മികവു തെളിയിച്ച ഇന്ത്യന്‍ വനിതകളുടെ അഭിമാനപട്ടികയില്‍ ക്യാപ്‌റ്റന്‍ ശിവയും ഇടം നേടിരാജസ്ഥാന്‍ സ്വദേശിയായ ക്യാപ്റ്റന്‍ ശിവ ചൗഹാന് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സേനയില്‍ ചേരണമെന്നത്. 11-ാം വയസില്‍ അച്ഛന്‍ മരിച്ച ശിവയെ വളര്‍ത്തിയത് അമ്മയാണ്. ഉദയ്‌പൂര്‍ എന്‍.ജെ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ലഭിച്ച മറ്റ് ജോലികള്‍ക്കുള്ള ഒാഫറുകള്‍ വേണ്ടെന്നു വച്ചു. ചെന്നൈയിലെ ഒാഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലെ (ഒ.ടി.എ) പരിശീലനത്തിന് ശേഷം 2021 മേയില്‍ എന്‍ജിനീയര്‍ റെജിമെന്റില്‍ കമ്മിഷന്‍ഡ് ഒാഫീസറായി ചേര്‍ന്നു.
ഒ.ടി.എ പരിശീലനത്തിനിടെ മികച്ച പ്രകടനം കാഴ്‌ചവച്ച ശിവ
2022 ജൂലൈയില്‍ കാര്‍ഗില്‍ വിജയ് ദിവസിനോടനുബന്ധിച്ച് സിയാച്ചിന്‍ യുദ്ധസ്‌മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്‌മാരകത്തിലേക്ക് 508 കിലോമീറ്റര്‍ സൈക്ലിംഗ് പര്യവേക്ഷണത്തില്‍ സുര സോയി എന്‍ജിനീയര്‍ റെജിമെന്റിലെ പുരുഷ സൈനികരെ നയിച്ച ശിവയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സിയാച്ചിന്‍ യുദ്ധ സ്‌കൂളില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. മഞ്ഞുമലകളില്‍ കയറാനും ഹിമപാതത്തയും ഹിമാനിയിലെ അഗാധ ഗര്‍ത്തങ്ങളെയും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും മറ്റുമുള്ള കഠിന പരിശീലനമാണ് നേടിയത്. മൈനസ് 60 ഡിഗ്രി വരെ കൊടും ശൈത്യമുള്ള സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറെന്ന നിലയ്‌ക്ക് ശിവയ്‌ക്കായി ടോയ്‌ലെറ്റ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേക കൂടാരം തന്നെ സേന ഒരുക്കിയിട്ടുണ്ട്.