അത്ഭുതകരമായി രക്ഷപ്പെട്ട് 17-കാരന്‍ 94 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു

അതി തീവ്രമായ ഭൂചലനമുണ്ടായതിന് ശേഷം ഏകദേശം 94 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അദ്‌നാന്‍ മുഹമ്മദ് കോര്‍ക്കുത്ത് എന്ന 17-കാരനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. ഭൂകമ്ബസമയത്ത് തുര്‍ക്കിയിലെ നഗരമായ ഗാസിയാന്‍ടേപ്പിലായിരുന്നു അദ്‌നാന്‍ ഉണ്ടായിരുന്നത്. സ്വന്തം വീട്ടില്‍ തന്റെ മുറിയില്‍ കിടന്നുറങ്ങുമ്ബോഴായിരുന്നു ഭൂകമ്ബം.ദുരന്തത്തിന് ശേഷം വീടുതകര്‍ന്നുവീണെങ്കിലും അദ്‌നാന് മറ്റ് അപകടങ്ങള്‍ സംഭവിച്ചിട്ടില്ലായിരുന്നു. ഞെങ്ങിഞെരുങ്ങി അദ്‌നാന്‍ അവിടെ തന്നെ കിടന്നു. അരികിലുണ്ടായിരുന്ന തന്റെ ഫോണില്‍ ഓരോ 25 മിനിറ്റ് കൂടുമ്ബോഴും മുഴങ്ങുന്ന അലാറം വച്ചു. രണ്ട് ദിവസത്തോളം ഉറങ്ങിപ്പോകാതിരിക്കാന്‍ ഇതുസഹായിച്ചു. എന്നാല്‍ പിന്നീട് ഫോണിലെ ബാറ്ററി തീര്‍ന്നതോടെ അലാറം മുഴങ്ങുന്നതും നിന്നു. ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം മൂത്രവും കുടിച്ചു.ഇതിനിടയില്‍ പുറത്തുനിന്ന് ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. എങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് തന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാതെ പോകുമോയെന്ന് അദ്നാന്‍ ഭയന്നു. ഒടുവില്‍ അവര്‍ അവശിഷ്ടങ്ങള്‍ നീക്കി തിരയാന്‍ തുടങ്ങിയെന്ന് അവന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ തന്റെ ശരീരവും അതില്‍ ഛിന്നഭിന്നമാകുമോയെന്ന് ആശങ്കപ്പെട്ടുവെന്നും അദ്‌നാന്‍ പറയുന്നു. ഒടുവില്‍ നാല് ദിവസത്തിന് ശേഷം 17-കാരന്‍ പുറംലോകം കണ്ടു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്‌നാന്‍. ആരോഗ്യനില തൃപ്തികരമാണ്.7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് 24,000 പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

Comments (0)
Add Comment