ഇതുവരെ കാണാത്ത പൊലീസ് വേഷത്തില്‍ മമ്മൂട്ടി

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ക്രിസ്റ്റഫര്‍ ആന്റണി ആയി തുടക്കംമുതല്‍ അവസാനംവരെ മമ്മൂട്ടിയുടെ വണ്‍ മാന്‍ ഷോ കാണാം.
മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളുടെ നിരയില്‍ ക്രിസ്റ്റഫര്‍ ഉണ്ടാകും. ഇതുവരെ മമ്മൂട്ടി ചെയ്ത പൊലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ക്രിസ്റ്റഫര്‍ ആന്റണി. വൈകിയ നീതി നീതി നിഷേധമാണ് എന്ന് ക്രിസ്റ്റര്‍ ഒാര്‍മ്മപ്പെടുത്തുന്നു. ഇന്നത്തെ സമൂഹത്തില്‍ പറയേണ്ട ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ക്രിസ്റ്റഫര്‍ സംസാരിക്കുന്നത്. സാമൂഹിക പ്രസക്തിയില്‍ ക്ളാസ് സിനിമ എന്ന് ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാന്‍ കഴിയും. സ്ഥിരം കാണുന്ന മാസ് അപ്പീല്‍ അല്ലാതെ പുതിയൊരു മേക്കിംഗ് രീതി പുതുമ നല്‍കുന്നു. സ്ത്രീകളെ പീഡിപ്പിച്ചുകൊല്ലുന്നവര്‍ക്കെതിരെയും അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ക്രിസ്റ്റഫര്‍ കാഞ്ചി വലിക്കും. പൊലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങള്‍ ക്രിസ്റ്റഫറില്‍ വിശ്വസിക്കുന്നു. മമ്മൂട്ടി എന്ന നടനെ ബി. ഉണ്ണിക്കൃഷ്ണന്‍ കഥയ്ക്ക് ആവശ്യമുള്ള രീതിയില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്.മമ്മൂട്ടിയുടെ സ്വാഗും പശ്ചാത്തല സംഗീതവുമാണ് ക്രിസ്റ്റഫറിന്റെ ഹൈലൈറ്റ്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി, പ്രതിനായകനായി എത്തിയ തെന്നിന്ത്യന്‍ താരം വിനയ് റായ് , ശരത് കുമാര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ദിലീഷ് പോത്തന്‍ ,ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങി എല്ലാവരും കഥാപാത്രത്തോട് നീതി പുലര്‍ത്തി. ഉദയകൃഷ്ണയുടെ തിരക്കഥ മികച്ചു നിന്നു. ഫയസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. ആര്‍.ഡി ഇല്യുമിനേഷന്‍സ് ആണ് നിര്‍മ്മാണം.

Comments (0)
Add Comment