തിരുവനന്തപുരം: ചൂടോടെ മാത്രം ചായ കുടിച്ചു ശീലമുള്ളവര്‍ക്കും ചായയേക്കാള്‍ സോഫ്റ്റ് ഡ്രിങ്ക്സിനെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ കുടിക്കാവുന്ന ‘ഐസ് ടീ കോണ്‍സണ്‍ട്രേറ്റ്’ വ്യവസായ-വാണിജ്യ വകുപ്പിന്‍റേയും പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റേയും നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന എക്സ്പോയിലെ താരമാണ്.
വീട്ടിലെത്തുന്ന അതിഥിയ്ക്ക് പെട്ടെന്ന് ഒരു മിനിട്ടിനുള്ളില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുന്ന ചായയാണ് ഇത്. കണ്ണന്‍ദേവന്‍റെ സ്റ്റാളിലെത്തിയാല്‍ ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലുമായി വൈവിധ്യമാര്‍ന്ന എട്ട് രുചികളില്‍ ഐസ് ടീ കോണ്‍സണ്‍ട്രേറ്റ് ലഭിക്കും. നാരങ്ങ, പീച്ച്, പച്ച ആപ്പിള്‍, ലിച്ചി എന്നീ ഫ്ളേവറുകളിലാണ് ഐസ് ടീ കോണ്‍സണ്‍ട്രേറ്റ് ലഭിക്കുക. 250 മില്ലീ ലിറ്റര്‍ ദ്രവരൂപത്തിലുള്ള ഐസ് ടീ കോണ്‍സണ്‍ട്രേറ്റിന് 100 രൂപയാണ് വിലയെങ്കിലും ഇവിടെ അത് 85 രൂപയാണ്.
ഐസ് ടീ കോണ്‍സണ്‍ട്രേറ്റിലേക്ക് നാലു മടങ്ങ് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. കോക്ക്ടെയില്‍ നിര്‍മ്മിക്കാനും ഐസ് ടീ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ശുദ്ധീകരിച്ച പഞ്ചസാര ഇതിലെ പ്രധാന ഘടകമായത് കൊണ്ട് ചായയില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യവുമില്ല.