ദുബൈയില്‍ വാടക വര്‍ധന റെക്കോഡ് നിരക്കില്‍

2023 ജനുവരി വരെയുള്ള 12 മാസങ്ങളില്‍ ദുബൈയിലെ ശരാശരി വാടക 28.5 ശതമാനം വര്‍ധിച്ചതായി റിയല്‍ എസ്റ്റേറ്റ് സേവന, നിക്ഷേപ കമ്ബനിയായ സി.ബി.ആര്‍.ഇ പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു. എമിറേറ്റില്‍ വാടക നിരക്ക് ഏറ്റവും കൂടുതല്‍ വര്‍ധിച്ച കാലയളവാണിത്. ഈ കാലയളവില്‍ ശരാശരി അപ്പാര്‍ട്മെന്‍റ് വാര്‍ഷിക വാടക 28.8 ശതമാനം വര്‍ധിച്ച്‌ 98,307 ദിര്‍ഹമിലും വില്ല വാടക 26.1 ശതമാനം വര്‍ധിച്ച്‌ 2.9 ലക്ഷം ദിര്‍ഹമിലുമെത്തി. അപ്പാര്‍ട്മെന്‍റുകള്‍ക്കും വില്ലകള്‍ക്കും ഏറ്റവും ഉയര്‍ന്ന വാടക നിരക്ക് പാം ജുമൈറയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടെ ശരാശരി വാര്‍ഷിക അപ്പാര്‍ട്മെന്റ് വാടക ദിര്‍ഹം 2.58 ലക്ഷവും വില്ല വാടക 10.32 ലക്ഷവുമാണ്. അതേസമയം, നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലായതോടെ ചില ഭാഗങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടെന്നും സി.ബി.ആര്‍.ഇ ഗവേഷണ വിഭാഗം തലവന്‍ തൈമൂര്‍ ഖാന്‍ പറഞ്ഞു.മാര്‍ക്കറ്റ് സ്നാപ്ഷോട്ട് അനുസരിച്ച്‌, ദുബൈ ഇന്‍റര്‍നാഷനല്‍ സിറ്റിയില്‍ പ്രതിവര്‍ഷം 30,000 ദിര്‍ഹമില്‍ താഴെ വിലക്ക് അപ്പാര്‍ട്മെന്‍റ് ലഭിക്കുന്നുണ്ട്. ഏറ്റവും താങ്ങാവുന്ന വാടകക്ക് അപാര്‍ട്മെന്റ് ലഭിക്കുന്ന അടുത്ത പ്രദേശം ദുബൈ ലാന്‍ഡ് റസിഡന്‍റ്സ് കോംപ്ലക്‌സാണ്. ഇവിടെ ശരാശരി വാടക 41,700 ദിര്‍ഹമാണ്. ദുബൈയിലെ മിക്ക പ്രദേശങ്ങളിലും പ്രോപ്പര്‍ട്ടി വില്‍പനയും വാടകക്ക് വാങ്ങുന്നതും ഓരോ മാസവും വര്‍ധിച്ചുവരുകയാണ്. ജനുവരി മാസത്തില്‍ മൊത്തം 9229 ഇടപാടുകളാണ് നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 69.2 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2023 ജനുവരി വരെയുള്ള ഒരു വര്‍ഷം, ശരാശരി താമസസ്ഥലങ്ങളുടെ വില 10.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അപ്പാര്‍ട്മെന്‍റുകളുടെ ശരാശരി വില 10.3 ശതമാനവും വില്ലകളുടെ വില 12.9 ശതമാനവുമാണ് ഉയര്‍ന്നത്.

Comments (0)
Add Comment