നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു;കല വിനോദസഞ്ചാരികള്‍ക്ക് കടന്നുവരാനുള്ള ആകര്‍ഷണം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപൂരധ്വനികള്‍ തീര്‍ക്കും. 
നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കല വിനോദസഞ്ചാരികള്‍ക്ക് കടന്നുവരാനുള്ള ആകര്‍ഷണമാണെന്നും നിശാഗന്ധി ഫെസ്റ്റിവെല്‍ നിര്‍വ്വഹിക്കുന്നത് അതാണെന്നും മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം റെക്കോര്‍ഡിട്ടു. എന്നാല്‍ വിദേശ സഞ്ചാരികളുടെ വരവ് ലോകത്തെവിടെയും പഴയ പടിയായിട്ടില്ല. ഇന്ത്യയിലെ കലാവൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഉത്സവം എന്ന നിലയില്‍ നിശാഗന്ധി വിദേശസഞ്ചാരികളെ ആകര്‍ഷിക്കും.

നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസാരിക്കുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം അഡീ. ഡയറക്ടര്‍ പ്രേംകൃഷ്ണന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി, ഡോ.രാജാ രാധാ റെഡ്ഡി എന്നിവര്‍ വേദിയില്‍

വൈവിധ്യങ്ങള്‍ അതേപടി നിലനിര്‍ത്താനും ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കലകള്‍ തടസ്സപ്പെടില്ല എന്ന് ഉറപ്പിക്കാനും സാധിക്കുന്ന നാടാണ് കേരളം. സാമൂഹ്യ ജീര്‍ണതയ്ക്കും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ കലാകാരന്‍മാര്‍ പ്രതികരിക്കുന്നത് കലയിലൂടെയാണ്. സ്വയം പുതുക്കാനും പുതുതലങ്ങളിലേക്ക് ഉയരാനും നിശാഗന്ധി കലാകാരന്‍മാര്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനു ശേഷം ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്ന ശ്രദ്ധേയ പദ്ധതികള്‍ ആവിഷ്കരിക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുന്ന ടൂറിസം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം കുച്ചിപ്പുടി നര്‍ത്തക ദമ്പതിമാരായ ഡോ.രാജാ രാധാ റെഡ്ഡിമാര്‍ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനിക്കുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം അഡീ. ഡയറക്ടര്‍ പ്രേംകൃഷ്ണന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി എന്നിവര്‍ സമീപം


കേരളീയ കലകളെ വിദേശ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിശാഗന്ധി ഫെസ്റ്റിവെലിന് വലിയ പങ്കുണ്ടെന്നും കൊണാര്‍ക്ക്, മഹാബലിപുരം ഡാന്‍സ് ഫെസ്റ്റിവെലുകളുടേതിനു സമാനമായ ഔന്നത്യം നിശാഗന്ധി ഫെസ്റ്റിവെലിനുണ്ടെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. 
ടൂറിസം അഡീ. ഡയറക്ടര്‍ പ്രേംകൃഷ്ണന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി എന്നിവര്‍ സംബന്ധിച്ചു.

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മോഹിനിയാട്ടം.

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം മന്ത്രി പി.എ.  മുഹമ്മദ് റിയാസ് കുച്ചിപ്പുടി നര്‍ത്തക ദമ്പതിമാരായ ഡോ.രാജാ രാധാ റെഡ്ഡിമാര്‍ക്ക് സമര്‍പ്പിച്ചു. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഉദ്ഘാടനത്തിനു ശേഷം രമ വൈദ്യനാഥന്‍റെയും സംഘത്തിന്‍റെയും ഭരതനാട്യവും അര്‍ച്ചന രാജയുടെ കുച്ചിപ്പുടിയും റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്‍റെ ഫ്യൂഷന്‍ ഡാന്‍സും അരങ്ങേറി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ  കലാകാരന്‍മാര്‍ നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഭാഗമാകും.

ഇന്ന് (വ്യാഴം) വൈകിട്ട് 6 ന് ജാനറ്റ് ജയിംസിന്‍റെ ഭരതനാട്യം, 6.45 ന് കൃഷ്ണാക്ഷി കശ്യപിന്‍റെ സത്രിയ, വെള്ളിയാഴ്ച 6 ന് അശ്വതി കൃഷ്ണയുടെ മോഹിനിയാട്ടം, 6.45 ന് പവിത്ര ഭട്ടിന്‍റെ ഭരതനാട്യം, 8 ന് പ്രൊഫ. ഡോ. ശ്രുതി ബന്ദോപാധ്യയയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി. ശനിയാഴ്ച 6 ന് രാംദാസിന്‍റെ ഭരതനാട്യം, 6.45 ന് ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടം, 8 ന് സയനി ചവ്ദയുടെ കഥക്. ഞായറാഴ്ച 6ന് അനന്തപുരി സിസ്റ്റേഴ്സിന്‍റെ ഭരതനാട്യം, 6.45 ന് ഹരിയും ചേതനയും അവതരിപ്പിക്കുന്ന കഥക്, 8 ന് പദ്മശ്രീ പദ്മജ റെഡ്ഡിയും സാന്‍വിയും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. തിങ്കളാഴ്ച 6 ന് ഡോ. പദ്മിനി കൃഷ്ണന്‍റെ കുച്ചിപ്പുടി, 6.45 ന് മാളവിക മേനോന്‍റെ മോഹിനിയാട്ടം, 8 ന് രാഹുല്‍ ആചാര്യയുടെ ഒഡീസി. അവസാന ദിവസമായ ചൊവ്വാഴ്ച 6 ന് അയന മുഖര്‍ജിയുടെ കുച്ചിപ്പുടി, പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 8 ന് രാധേ ജഗ്ഗിയുടെ ഭരതനാട്യം എന്നിവ അരങ്ങേറും. 21 ന് സമാപിക്കുന്ന നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.                          
നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഭാഗമായി കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകിട്ട് 6.30 ന് നടക്കുന്ന കഥകളി മേളയില്‍ പ്രശസ്ത കലാകാരന്‍മാര്‍ അരങ്ങിലെത്തും. 

Comments (0)
Add Comment