12 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാണയങ്ങള്‍ ലഭിക്കുന്ന ATM നടപ്പിലാക്കാൻ പദ്ധതി

ഫെബ്രുവരി എട്ടിനാണ് പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്. 2023ലെ ആര്‍ബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.ഇന്ത്യയിലെ 12 നഗരങ്ങളിലാണ് ഈ പദ്ധതി പരീക്ഷണടിസ്ഥാനത്തില്‍ നടപ്പിലാക്കുക. പരീക്ഷണ ഘട്ടത്തിലെ വിജയം കണക്കാക്കിയ ശേഷം ക്യൂആര്‍ ബേസ്ഡ് സംവിധാനത്തില്‍ ഇന്ത്യയിലാകമാനം പദ്ധതി വ്യാപിക്കുന്നതിനെപ്പറ്റി ആര്‍ബിഐ ആലോചിക്കുമെന്നാണ് വിവരം. അതേസമയം മോണിറ്ററി പോളിസിയിലെ ചില മാറ്റങ്ങളെപ്പറ്റിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷമായി മോണിറ്ററി പോളിസി റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കപ്പെട്ടുവരികയാണ്. ആഗോള തലത്തിലെ പണപ്പെരുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മോണിറ്ററി റിപ്പോര്‍ട്ടിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.’ആഗോള സാമ്പത്തിക സ്ഥിതി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉള്ളത് പോലെയല്ല. പണപ്പെരുപ്പം താഴുന്ന സാഹചര്യത്തില്‍ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ സാധ്യതകള്‍ മെച്ചപ്പെടുന്നുണ്ട്’ ഗവര്‍ണര്‍ പറഞ്ഞു.അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒപ്പം ഉയര്‍ന്ന നിക്ഷേപ സാഹചര്യങ്ങളും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലും വളരെ ശക്തമായി നിലനില്‍ക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ വാദം.

Comments (0)
Add Comment