ഔഷധ ഗുണങ്ങളുടെ കലവറയാണ് പേര മരം

ഔഷധ ഗുണങ്ങളുടെ കലവറയാണ് പേര മരം

സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കയ്ക്കു സാധിക്കും.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍
പേരക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി അല്ലെങ്കില്‍ അസ്കോര്‍ബിക് ആസിഡ് ശരീരകോശങ്ങളുടെ വികാസത്തിനും നന്നാക്കലിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും മുറിവുണങ്ങാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
പേരയ്ക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും കൂടാതെ ലയിക്കുന്ന നാരുകളും ലഭിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാം. കൂടാതെ ആന്റി ഒക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ടാന്നിന്‍സ്‌, എന്‍സൈമുകള്‍, ഫ്ലെവനോയ്ഡുകള്‍ തുടങ്ങിയ ഫൈറ്റോകെമിക്കലുകള്‍ പേരയിലയുടെ സത്തില്‍ അടങ്ങിയതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും സഹായകമായിരിക്കും.

ആര്‍ത്തവ വേദന കുറയ്ക്കാന്‍
ആര്‍ത്തവം അടുക്കുമ്പോഴും ആ ദിനങ്ങളിലെല്ലാം മിക്ക സ്ത്രീകളും കഠിനമായ വേദനയിലൂടെ കടന്നു പോകുന്നു. പലപ്പോഴും, ഇത്തരം വേദന ലഘൂകരിക്കാനായി മരുന്നുകള്‍ ഉപയോഗിക്കുകയാണ് പലരും ചെയ്യാറ്. പ്രതിദിനം 6 മില്ലിഗ്രാം പേരയ്ക്ക ഫോളിയം സത്ത് കഴിക്കുന്നത് ആര്‍ത്തവവേദന ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മരുന്നു കടകളില്‍ നിന്നും ലഭിക്കുന്ന വേദനസംഹാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ പേരയ്ക്ക ഇലയുടെ സത്ത് ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുറിവുകള്‍ വേഗത്തില്‍ ഭേദമാകാന്‍
പേരയുടെ ഏറ്റവും പരമ്പരാഗതമായ ഉപയോഗങ്ങളില്‍ ഒന്നാണ് മുറിവുകള്‍ ഉണക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. പേരക്കയുടെ ഇലകള്‍ തിളപ്പിക്കുകയോ അല്ലെങ്കില്‍ ചതയ്ക്കുകയോ ചെയ്തു ഉപയോഗിക്കുന്നത് മുറിവിലെ അണുബാധ തടയാന്‍ ആന്റി സെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ പേരയുടെ ഇലകളുടെ സത്ത് മുറിവുകള്‍, പൊള്ളല്‍, മൃദുവായ ടിഷ്യു അണുബാധകള്‍ എന്നിവയ്ക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍
പേരയ്ക്കയും ഇലകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുന്നുവെങ്കില്‍ ദിവസവും പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇതുവഴി രക്തത്തിലെ പഞ്ചസാരയും മൊത്തം കൊളസ്ട്രോളും കുറയ്ക്കുന്നതിനും എച്ച്‌ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പേരയ്ക്ക കൂടുതല്‍ ഫലപ്രദമാണ്.

Comments (0)
Add Comment