കേന്ദ്രസര്‍ക്കാറിന്റെ കടം 155 ലക്ഷം കോടി കടന്നു

ഡോ. വി. ശിവദാസന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2017-18ല്‍ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ല്‍ 155.8 ലക്ഷം കോടി രൂപ ആയി ഉയരുകയായിരുന്നു. 2017-18ല്‍ മൊത്തം ജി.ഡി.പിയുടെ 48.5 ശതമാനമായിരുന്നു കടം. എന്നാല്‍, 2022-23ല്‍ ഇത് 57.3 ശതമാനമായി ഉയര്‍ന്നു.2021-22ല്‍ 138.9 ലക്ഷം കോടി രൂപ ആയിരുന്ന കടം ഒരു വര്‍ഷംകൊണ്ട് 16.9 ലക്ഷം കോടി വര്‍ധിച്ചാണ് 155.8 ലക്ഷം കോടി ആയത്. വിദേശ -ആഭ്യന്തര കടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ രണ്ടും ഇരട്ടിയോളമായി വര്‍ധിച്ചു. കടത്തിന് പലിശ കൊടുക്കാനും വന്‍ തുക മാറ്റിവെക്കേണ്ടിവരുന്നുണ്ട്. 2022-23ല്‍ കടത്തിന്റെ പലിശ കൊടുക്കാന്‍ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്.മൊത്തം 45 ലക്ഷം കോടിയുടെ ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ 27 ലക്ഷം കോടിയും കടമാണ്. അതില്‍നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാന്‍ മാത്രം നീക്കി വെക്കേണ്ടിവരുന്നത്. കോവിഡ് മൂലമാണ് 2020-21ല്‍ കടം കൂടിയത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നും എന്നാല്‍, കോവിഡിന് മുന്നേതന്നെ കടം ഉയര്‍ന്നുതുടങ്ങി എന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണെന്നും വി. ശിവദാസന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിമാനത്തിന്റെ വില സംബന്ധിച്ച്‌ വിവരവും വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്രം നല്‍കിയ മറുപടി.

Comments (0)
Add Comment