പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണം

പ്രമേഹം, നമുക്കറിയാം ആഗോളതലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്നൊരു ജീവിതശൈലീരോഗമാണ്. പ്രമേഹം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പ്രശ്നം; ഒരുപിടി അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം പ്രമേഹം വ്യക്തികളെ നയിക്കാറുണ്ട്. ജീവിതശൈലീരോഗമായതിനാല്‍ തന്നെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഒരു പരിധി വരെ പ്രമേഹത്തിനെ തടയാനും സാധിക്കൂ. പ്രത്യേകിച്ച് ഡയറ്റിലാണ് കാര്യമായ ശ്രദ്ധ നല്‍കേണ്ടത്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, നിയന്ത്രിക്കുകയും, ചിലത് ഡയറ്റില്‍ ചേര്‍ക്കുകയും വേണ്ടിവരാം.

പ്രമേഹമുള്ളവരുടെ രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കാണുന്നു. ഈ അമിതമായ ഗ്ലൂക്കോസ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് ശരിയാംവിധം പുറന്തള്ളപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും വെള്ളം കൂടുതലായി അകത്തെത്തണം. അതുപോലെ തന്നെ പ്രമേഹരോഗികളില്‍ നിര്‍ജലീകരണത്തിനുള്ള (ഡീഹൈഡ്രേഷൻ അഥവാ ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥ) സാധ്യതയും കൂടുതലാണ്. ഈ പ്രശ്നമൊഴിവാക്കുന്നതും എപ്പോഴും വെള്ളം കുടിക്കണം. പ്രമേഹരോഗികളില്‍ നിര്‍ജലീകരണം സംഭവിച്ചാലും ഗ്ലൂക്കോസ് നില ഉയരും. ഇക്കാര്യവും പ്രധാനം തന്നെ. ഭക്ഷണത്തിന് ശേഷം എപ്പോഴും നമ്മള്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ ഭക്ഷണത്തിന് അല്‍പം മുമ്പും വെള്ളം കുടിച്ച് ശീലിക്കുക. അതുപോലെ ജലാംശം കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പുളിയുള്ള ഫ്രൂട്ട്സും കഴിക്കാം. അതേസമയം മധുരമേറെയുള്ള പഴങ്ങള്‍ അധികമാകാതെയും ശ്രദ്ധിക്കുക. വെള്ളം കുടിക്കാൻ മടിയുള്ളവര്‍ക്കോ, മറവിയുള്ളവര്‍ക്കോ റിമൈൻഡര്‍ വയ്ക്കുകയോ, കയ്യില്‍ ബോട്ടില്‍ എപ്പോഴും കരുതുകയോ ചെയ്യാം.

Comments (0)
Add Comment