തിരുവനന്തപുരം: ദേശീയ ഗവേഷണ-വികസന സ്ഥാപനങ്ങളുടെ ശാസ്ത്ര-സാങ്കേതിക ഗവേഷണ പരിപാടികളുടെ ഫലങ്ങള്‍ സാമൂഹിക, സാമ്പത്തിക വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കി സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) യുടെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിക്ക് സമാപനം.
കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍.ഐ.ഐ.എസ്.ടി സമ്മേളനം സംഘടിപ്പിച്ചത്. പാപ്പനംകോട്ടെ എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ മാര്‍ച്ച് 13 ന് ആരഭിച്ച വണ്‍ വീക്ക് വണ്‍ ലാബ് സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലും ഡി.എസ്.ഐ.ആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വിയാണ് ഉദ്ഘാടനം ചെയ്തത്.
അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മില്ലറ്റ് ഫെസ്റ്റിവെല്‍ വണ്‍ വീക്ക് വണ്‍ ലാബിന്‍റെ മുഖ്യ ആകര്‍ഷണമായി. ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മില്ലറ്റ് ഫെസ്റ്റിവെല്‍ നടത്തിയത്. ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതികവിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, മില്ലറ്റ് അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോള പ്ലാറ്റ് ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ മില്ലറ്റ് ഫെസ്റ്റിവെല്‍ ചര്‍ച്ച ചെയ്തു.
എന്‍.ഐ.ഐ.എസ്.ടി ആദ്യമായി സംഘടിപ്പിച്ച വണ്‍ വീക്ക് വണ്‍ ലാബ് വലിയ വിജയമായിരുന്നെന്ന് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ ശാസ്ത്ര-സാങ്കേതിക പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അര്‍ഥവത്തായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉടനീളമുണ്ടായി. ഗവേഷണ-വികസന പദ്ധതികളുടെ ഫലങ്ങള്‍ സമൂഹത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സമ്മേളനം അവസരമൊരുക്കി. മില്ലറ്റ് എക്സ്പോയോടുള്ള പൊതുജന പ്രതികരണവും മികച്ചതായിരുന്നെന്ന് അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ വണ്‍ വീക്ക് വണ്‍ ലാബിന്‍റെ ഭാഗമായുള്ള സെമിനാര്‍ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ആയുര്‍സ്വാസ്ത്യ, രക്ഷ, ഊര്‍ജ്ജ, പൃഥ്വി, ശ്രീ അന്ന എന്നീ പ്രമേയങ്ങളിലായി നടന്ന സെമിനാറുകളില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും സര്‍ക്കാര്‍ ഉന്നത പ്രതിനിധികളും പങ്കെടുത്തു.
വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ അവസാന ദിവസം പൊതുജനങ്ങള്‍ക്ക് എന്‍.ഐ.ഐ.എസ്.ടി കാമ്പസ് സന്ദര്‍ശിക്കാനും വിവിധ ഗവേഷണ വിഭാഗങ്ങളുടെ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും അവസരമൊരുക്കിയിരുന്നു. ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് ഓപ്പണ്‍ ഡേ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം മുഖ്യാതിഥിയായിരുന്നു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. വണ്‍ വീക്ക് വണ്‍ ലാബ് പരിപാടി നടന്ന ആറ് ദിവസങ്ങളിലായി പതിനായിരത്തിലേറെ പേരാണ് കാമ്പസ് സന്ദര്‍ശിച്ചത്.