സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയില്‍: മന്ത്രി ചിഞ്ചുറാണി; മൊബൈല്‍ വെറ്ററിനറി ക്ലിനിക്കും കൃത്രിമ ബീജസങ്കലന കേന്ദ്രവും ആരംഭിച്ചു

തിരുവനന്തപുരം: ക്ഷീരകര്‍ഷകരെ വലയ്ക്കുന്ന വിവിധ കന്നുകാലി രോഗങ്ങളുടെ പശ്ചാത്തലത്തില്‍ സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുന്നത് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി പറഞ്ഞു.    കന്നുകാലികള്‍ക്കുള്ള കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതികളുമായി സംസ്ഥാനത്തിന്‍റെ പദ്ധതികള്‍ എങ്ങനെ സംയോജിപ്പിക്കാം എന്നതില്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കന്നുകാലികളിലെ ചര്‍മമുഴ   രോഗം മൂലം മരണപ്പെട്ട ഉരുക്കള്‍ക്ക് നഷ്ടപരിഹാരം നല്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയന്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജിത മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറഞ്ഞ ചെലവില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായുള്ള ആശ്രയ’ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക്, കന്നുകാലികള്‍ക്ക് യഥാസമയം കൃത്രിമ ബീജാധാനം ഉറപ്പാക്കുന്നതിനായി ആരംഭിക്കുന്ന ‘പ്രതീക്ഷ’ എന്നീ പദ്ധതികള്‍ ബാലരാമപുരത്തിനു സമീപം ഉച്ചക്കടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
ക്ഷീര കര്‍ഷകര്‍ക്ക് നാമമാത്ര നിരക്കില്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ക്ഷീരസംഘങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളാണ് ‘ആശ്രയ’ പദ്ധതിയില്‍ ആരംഭിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയന്‍ വികസിപ്പിച്ച ആപ്ലിക്കേഷന്‍ മന്ത്രി പ്രകാശനം ചെയ്തു. 100 രൂപ നിരക്കിലാണ് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കുക. കര്‍ഷകര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ആശ്രയ മൊബൈല്‍ ആപ്പില്‍ കന്നുകാലി   ചികിത്സാ സേവനങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. 
കൃത്രിമ ബീജധാന സൗകര്യങ്ങളുടെ പരിമിതി മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അംഗസംഘങ്ങള്‍ കേന്ദ്രീകരിച്ച് കൃത്രിമ ബീജധാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയാണ് ‘പ്രതീക്ഷ’. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡ് (കെഎല്‍ഡിബി)ന്‍റെ സഹകരണത്തോടെ ടി.ആര്‍.സി.എം.പി.യു വിഭാവനം ചെയ്ത ‘പ്രതീക്ഷ’ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 19 ഓളം കൃത്രിമ ബീജസങ്കലന (എ ഐ) ടെക്നീഷ്യന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളില്‍ സേവനം ലഭ്യമാക്കും.
പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനും കന്നുകാലിരോഗങ്ങളെ അകറ്റുന്നതിനുമുള്ള ക്ഷീരകര്‍ഷകരുടെ ശ്രമങ്ങളില്‍ ടിആര്‍സിഎംപിയു വിന്‍റെ  രണ്ട് സംരംഭങ്ങളും അനുഗ്രഹമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം. വിന്‍സെന്‍റ് എം എല്‍ എ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്വാഗതം ആശംസിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍  എന്‍. ഭാസുരാംഗന്‍ പറഞ്ഞു. യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് അദ്ദേഹം നന്ദി  പ്രകാശിപ്പിച്ചു.

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍    ഡി എസ്. കോണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്‍റെ സേവനം ലഭ്യമാക്കുന്നതോടൊപ്പം സൗജന്യമായി മരുന്നുകള്‍ ലഭിക്കുമെന്ന് അദ്ദേഹം  പറഞ്ഞു.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡ് (കെഎല്‍ഡിബി) മാനേജിങ് ഡയറക്ടര്‍ ഡോ.ആര്‍.   രാജീവ്, ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ ആര്‍. മോഹനന്‍ പിള്ള, വി എസ്. പത്മകുമാര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു .ആര്‍,  ഉച്ചക്കട ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് ആര്‍. സുദര്‍ശനകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment