ഇളവുകള്‍ വെട്ടിക്കുറച്ചും ഫ്ലെക്സി നിരക്കില്‍ ട്രെയിനുകളോടിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെയില്‍വേയുടെ അധികവരുമാനം 3792 കോടി

പ്രീമിയം തത്കാലില്‍നിന്ന് 2399 കോടി രൂപയും തത്കാലില്‍നിന്ന് 5937 കോടി രൂപയും അഞ്ചുവര്‍ഷത്തിനിടെ റെയില്‍വേ സമാഹരിച്ചു. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെ കോവിഡ് കാലത്ത് പിന്‍വലിച്ച ഇളവുകള്‍ പോലും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നിരിക്കെയാണ് ടിക്കറ്റ് ബുക്കിങ് വഴി റെയില്‍വേക്ക് ലഭിച്ച അധിക വരുമാനത്തിന്റെ കുതിച്ചുയരുന്ന കണക്കുകള്‍.2021നെ അപേക്ഷിച്ച്‌ 2022ല്‍ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വര്‍ധന. 2021 ഏപ്രില്‍ മുതല്‍ നവംബര്‍ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കില്‍ 2022ല്‍ ഇതേ കാലയളവില്‍ 41,335.16 കോടിയായാണ് വര്‍ധിച്ചത്. അധിക വരുമാനമാകട്ടെ 17,851.29 കോടിയും. ചരക്ക് വരുമാനത്തിലെ വര്‍ധന 16.15 ശതമാനം മാത്രമാണ്.യാത്ര ആനുകൂല്യങ്ങള്‍ റെയില്‍വേക്ക് ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2016 മുതല്‍തന്നെ ഇളവുകളില്‍ കൈവെക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. വിവിധ വിഭാഗം യാത്രക്കാര്‍ക്കായി 53ഓളം കണ്‍സഷനുകള്‍ വഴി പ്രതിവര്‍ഷം കോടികളുടെ അധികബാധ്യതയുണ്ടാകുന്നെന്നാണ് റെയില്‍വേ ബോര്‍ഡ് ആവര്‍ത്തിക്കുന്നത്.

Comments (0)
Add Comment