ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കം പ്രമുഖര്‍ ഇറങ്ങിയിട്ടും സൗദി പ്രോലീഗില്‍ അല്‍നസ്റിന് സമനില

ലീഗില്‍ 12ാം സ്ഥാനത്തുള്ള അല്‍ഫൈഹക്കു മുന്നിലാണ് ഗോളടിക്കാന്‍ മറന്ന് ടീം സമനില ചോദിച്ചുവാങ്ങിയത്.സീസണില്‍ അല്‍നസ്റിനിത് അഞ്ചാം സമനിലയാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളുമായി ആവേശം പകര്‍ന്ന സൂപര്‍ താരമടക്കം അല്‍നസ്ര്‍ മുന്നേറ്റം പൂര്‍ണമായി പരാജയമായതാണ് വിരസമായ സമനിലയിലെത്തിച്ചത്. രണ്ടുവട്ടം വല കുലുങ്ങിയെങ്കിലും രണ്ടും ഓഫ്സൈഡില്‍ കുരുങ്ങി.ഇതേ ദിവസം ലീഗില്‍ ഒന്നാമതുള്ള അല്‍ഇത്തിഹാദ് അനായാസ ജയം നേടിയതോടെ ടീമിന് മൂന്ന് പോയിന്റ് ലീഡായി. ഇതോടെ, ക്രിസ്റ്റ്യാനോയുടെ കരുത്തില്‍ ലീഗ് കിരീടം പിടിക്കാനുള്ള അല്‍നസ്റിന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. എന്നാല്‍, മത്സരത്തിനിടെ, ക്രിസ്റ്റ്യാനോ ഒന്നിലേറെ തവണ എതിര്‍ ടീമിലെ താരങ്ങളുമായി വാക്പോര് നടത്തിയത് ശ്രദ്ധിക്കപ്പെട്ടു.നിര്‍ണായക മത്സരത്തില്‍ നാളെ അല്‍ഹിലാലിനെതിരെയാണ് അല്‍നസ്റിന് മത്സരം.

Comments (0)
Add Comment