വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: മന്ത്രി റിയാസ്

തിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ സഞ്ചാരികളുടെ  ഒഴുക്ക് വരുന്ന സീസണിലും നിലനിര്‍ത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം മേഖലയിലെ ഏതു പ്രശ്നത്തിനും സര്‍ക്കാര്‍ ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വെല്ലുവിളികളെ കാര്യക്ഷമവും ക്രിയാത്മകവുമായ വിപണന തന്ത്രങ്ങളിലൂടെ എങ്ങനെ നേരിടാമെന്ന്     ടൂറിസം മേഖലയിലെ എല്ലാ പങ്കാളികളും ഒരുമിച്ച് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ വിവിധ പ്രതിനിധികള്‍ പങ്കെടുത്ത ഉപദേശക സമിതി യോഗത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കും. ജൂണിനു മുമ്പ് വീണ്ടും ഉപദേശക സമിതി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യപ്രശ്നം, വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരായ അക്രമം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹൗസ്ബോട്ട് മേഖല നേരിടുന്ന പ്രതിസന്ധി,കേരളത്തിലേക്കും തിരിച്ചും വിദേശ സഞ്ചാരികള്‍ക്കായുള്ള വിമാന യാത്രാ പാക്കേജുകള്‍ ആകര്‍ഷകമാക്കുക തുടങ്ങിയ പ്രശ്നങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

ടൂറിസം മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു.

കോവിഡിനു ശേഷം ടൂറിസം മേഖല സജീവമാക്കാന്‍ നിരവധി പ്രചാരണ പരിപാടികള്‍ നടത്തുകയുംവിദേശത്തുള്‍പ്പെടെയുള്ള ടൂറിസം മേളകളില്‍ കേരള ടൂറിസത്തിന്‍റെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന് ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹൗസ് ബോട്ട് ഉടമകള്‍, ഹോം സ്റ്റേ ഉടമകള്‍, മേഖലയിലെ മറ്റു പങ്കാളികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment