ഹിജ്‌റ രണ്ടാംവര്‍ഷമാണ്‌ ഫിത്ര്‍ സക്കാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌

നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്ര്‍ സക്കാത്തിന്റെ ശര്‍ഈ അര്‍ത്ഥം.

ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെട്ടതാണ്‌ ഈ സക്കാത്തെന്ന് ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌.
(തുഹ്‌ഫ : 3/305)

മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സക്കാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌…
ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.

ഇമാം ഷാഫിഈ (റ) വിന്റെ ഗുരുവര്യര്‍ ഇമാം വകീഅ്‌ (റ) പ്രസ്‌താവിച്ചു:

നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ, റമളാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്ര്‍ സക്കാത്ത്‌.

നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു.
(തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171)

നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്ര്‍ സക്കാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം…
പ്രത്യുത, ഫിത്ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം… നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെ ഫിത്ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ.

എം.എച്ച്. സുധീർ (ജനറൽ സെക്രട്ടറി) മുസ്ലിം ജമാഅത്ത് കൗൺസിൽ

Comments (0)
Add Comment