‘കലാപകാരികള്‍ സര്‍വകലാശാല ഗേറ്റ് തകര്‍ത്തതോടെ എല്ലാവരും ഭീതിയിലായി. ലൈറ്റുകള്‍ അണച്ച്‌ മിണ്ടാതെ മുറികള്‍ക്കുള്ളില്‍ ശ്വാസമടക്കി ഇരുന്നു

ശബ്ദം കേട്ടാല്‍ അവര്‍ അകത്തെത്തും. കൈയില്‍പ്പെട്ടാല്‍ ജീവന്‍ നഷ്ടപ്പെടാനും സാധ്യത. മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും നോര്‍ക്കയുടെയും ഇടപെടലാണ് രക്ഷയായത്’’. മണിപ്പുരില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സി എസ് ഷഹ്ലയുടെ ഭീതി മാറിയിട്ടില്ല.‘‘ആദ്യം മണിപ്പുര്‍ സര്‍വകലാശാല ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കലാപകാരികള്‍ എത്തിയതോടെ സര്‍വകലാശാല കെട്ടിടത്തിലായി. നാലാം തീയതി വൈകിട്ടാണ് സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ത്തത്. സംസാരിക്കാന്‍ പോലും പറ്റില്ലായിരുന്നു. പുറത്ത് ബഹളം കേട്ടാല്‍ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരിക്കും. വീട്ടില്‍നിന്ന് വിളിച്ചാലും ഫോണ്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥ. രണ്ടുദിവസം കൂടി താമസിച്ചിരുന്നെങ്കില്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. രണ്ടുനേരം മാത്രമായിരുന്നു ഭക്ഷണം. ചിലര്‍ക്ക് മാത്രമാണ് കുളിക്കാന്‍ വെള്ളം ലഭിച്ചിരുന്നത്’’–- ഷഹ്ല പറഞ്ഞു.മണിപ്പുരില്‍ നിന്ന് കൊല്‍ക്കത്ത വഴിയാണ് ബംഗളുരുവിലെത്തിയത്. അവിടെനിന്ന് ബസ്സില്‍ നാട്ടിലെത്തി. പഴയ ലക്കിടി ചെറുച്ചിയില്‍ സെയ്ത് മുഹമ്മദിന്റെയും- ഷെറിനയുടെയും മകള്‍ സി എസ് ഷഹ്ല മണിപ്പുര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ പിജി സൈക്കോളജി വിദ്യാര്‍ഥിയാണ്. ഡിസംബറിലാണ് പോയത്. പരീക്ഷ കഴിഞ്ഞ് ജൂണില്‍ വരാനിരിക്കുമ്ബോഴാണ് കലാപം.

Comments (0)
Add Comment