ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണര്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വറ്റിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

മണിക്കിണര്‍ ശുചിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചിരിക്കുകയാണ്. മണിക്കിണര്‍ അനുബന്ധ പ്രവൃത്തികള്‍ നടക്കുന്ന രണ്ടാഴ്ച സമയമാണ് നിയന്ത്രണമുണ്ടാവുക. ദര്‍ശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.നേരത്തെ മണിക്കിണര്‍ വറ്റിച്ചത് ടിവി ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള ഭരണസമിതിയുടെ കാലത്താണ്. 2014ലായിരുന്നു സംഭവം. കിണര്‍ വൃത്തിയാക്കുന്നതിനിടെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മോഷണം പോയ ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങള്‍ ലഭിച്ചുവെന്നത് വാര്‍ത്തകളില്‍ ഏറെ ഇടംപിടിക്കുകയും ചെയ്തു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1985ല്‍ മോഷണം പോയ ഭഗവാന്റെ തിരുവാഭരണത്തിന്റെ ഭാഗങ്ങളായിരുന്നു കിണറ്റില്‍ നിന്ന് ലഭിച്ചത്.കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ മോഷണം കേരള രാഷ്‌ട്രീയത്തില്‍ വിവാദമായ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുന്‍ മേല്‍ശാന്തിയെയും മക്കളെയും നുണപരിശോധനയ്‌ക്ക് പോലും വിധേയമാക്കിയ സംഭവത്തിന്‌ ശേഷം പലവിധത്തിലുള്ള ഊഹാപോഹങ്ങളും ഉയര്‍ന്നുവന്നു. പിന്നീട് കാലക്രമേണ വിവാദങ്ങള്‍ കെട്ടടങ്ങി.എന്നാലിപ്പോഴും ദശാബ്ദങ്ങള്‍ക്ക് മുമ്ബ് നഷ്ടപ്പെട്ട തിരുവാഭരണം പൂര്‍ണമായും തിരികെ ലഭിച്ചിട്ടില്ല. 60 ഗ്രാം തൂക്കമുള്ള 24 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി മാത്രമാണ് കഴിഞ്ഞ തവണ മണിക്കിണര്‍ വൃത്തിയാക്കിയപ്പോള്‍ കണ്ടെത്തിയത്. പണ്ട് നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളിലൊന്നായിരുന്നു ഇത്. മോഷണം പോയതിലുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങള്‍ എവിടെയെന്നത് ഇന്നും അജ്ഞാതമാണ്.

Comments (0)
Add Comment