താനൂരില്‍ നടന്ന ബോട്ടപകടത്തില്‍ ഇരുപത്തിരണ്ടുപേരുടെ ജീവന്‍ പൊലിയുന്നതിന് മണിക്കൂറുകള്‍ മുമ്ബു മലപ്പുറം ജില്ലയിലെ തന്നെ മുറിഞ്ഞമാട് ബോട്ട് സവാരിക്കെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞ എസ്‌എച്ച്‌ഒയ്ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി

അരീക്കോട് എസ്‌എച്ച്‌ഒ എം അബാസലി ആണ് പ്രശംസ ഏറ്റുവാങ്ങുന്നത്.കീഴുപ്പറമ്ബ് പഞ്ചായത്തിലെ മുറിഞ്ഞമാട് ചാലിയാറില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ബോട്ടില്‍ സവാരി നടത്താന്‍ എത്തിയവരെയാണ് എസ്‌എച്ച്‌ഒയും പോലീസുകാരും ചേര്‍ന്നു തടഞ്ഞത്. ലൈസന്‍സില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തുന്നതെന്നും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എസ്‌എച്ച്‌ഒ അറിയിച്ചതോടെ വിനോദസഞ്ചാരികള്‍ പിന്‍വാങ്ങിയിരുന്നു. താനൂരില്‍ ബോട്ടപകടം നടന്നു വിനോദസഞ്ചാരികള്‍ മരണപ്പെട്ടതോടെയാണ് മുറിഞ്ഞമാട് നടന്ന ഈ സംഭവത്തിന്‍്റെ വീഡിയോ പുറത്തുവന്നത്.”എന്ത് ധൈര്യത്തിലാണ് നിങ്ങളെല്ലാം ഈ ബോട്ടില്‍ കയറി ചാലിയാറിലെ ആഴമേറിയ പ്രദേശത്തുകൂടി സഞ്ചരിക്കുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും. ഇവിടെ ഓടുന്ന ഒരു ബോട്ടിനും ലൈസന്‍സില്ല. ബോട്ട് ഓടിക്കുന്ന ആള്‍ക്കും ലൈസന്‍സില്ല. പുഴയുടെ ആഴം എത്രയാണെന്ന് അറിയുമോ?. വിനോദസഞ്ചാരത്തിന് എത്തുമ്ബോള്‍ ലൈസന്‍സും മറ്റു രേഖകളും ഉണ്ടോയെന്ന് ചോദിക്കേണ്ടേ. ഒഴിവാക്കിയ ബോട്ടുകള്‍ പണം മാത്രം മോഹിച്ചാണ് ഇവിടെയിട്ട് ഓടിക്കുന്നത്”- എന്നിങ്ങനെ എസ്‌എച്ച്‌ഒ പറഞ്ഞതോടെ വിനോസഞ്ചാരികള്‍ ബോട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.വീഡിയോ വൈറലായതോടെ എസ്‌എച്ച്‌ഒ അബ്ബാസലിയെ അഭിനന്ദിച്ചു നിരവധി പേര്‍ രംഗത്തെത്തി. മുമ്ബു താനൂരില്‍ ജോലി ചെയ്തിരുന്ന അബ്ബാസലി ബോട്ടുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുറിഞ്ഞമാട് കൃത്യമായ ഇടപെടല്‍ നടത്തിയ അരീക്കോട് പോലീസിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി അനുമോദിച്ചു. ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പോലീസിന് എല്ലാ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.കീഴുപറമ്ബ് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുറഞ്ഞമാട്. പ്രതിദിനം നിരവധി പേരാണ് ഇവിടുത്തെ തുരുത്ത് കാണാനും ഇവിടെ സമയം ചെലവിടാനും എത്തുന്നത്. സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ ബോട്ട് സര്‍വീസും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബോട്ടുകള്‍ ചാലിയാറില്‍ സര്‍വീസ നടത്തുന്നത്.

Comments (0)
Add Comment