നിധി പ്രയാസ് ധനസഹായത്തിന് കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മെയ് 25 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായുള്ള കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍( കെഎസ് യുഎം) വഴി മെയ് 25  മുതല്‍ അപേക്ഷിക്കാം.  ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത.
മികച്ച ആശയങ്ങളുടെ ഉത്പന്നമാതൃകകള്‍ ഉണ്ടാക്കുന്നതിന് 10 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഹാര്‍ഡ്‌വെയര്‍-ഇലക്ട്രോണിക്സ് മേഖലയിലെ യുവസംരംഭകര്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിധി പ്രയാസ് പദ്ധതി നടപ്പാക്കി വരുന്നത്. നിധി-പ്രയാസ് പദ്ധതി നടപ്പിലാക്കാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിലൊന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്. പ്രയാസ് കേന്ദ്രങ്ങള്‍ വഴി നടത്തുന്ന പ്രയാസ് പിച്ച് വീക്കിലൂടെയാണ് സംരംഭകര്‍ ധനസഹായ പദ്ധതിക്കായി അപേക്ഷിക്കേണ്ടത്.

പ്രയാസ് കേന്ദ്രത്തിലെ പദ്ധതി നിര്‍വഹണ കേന്ദ്രം വഴിയാണ് ധനസഹായം ലഭിച്ച ആശയങ്ങളുടെ മാതൃകാരൂപീകരണം നടക്കുന്നത്. നൂതനാശയങ്ങളുള്ള യുവാക്കള്‍ക്ക് സധൈര്യം സ്വന്തം ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ സഹായകമാണ് ഈ പദ്ധതി.

വ്യക്തമായ സാങ്കേതിക പരിജ്ഞാനം, മാതൃകാരൂപീകരണത്തിനുള്ള വ്യക്തമായ മാര്‍ഗം എന്നിവ അപേക്ഷകര്‍ക്ക് ആവശ്യമാണ്. ധനസഹായം ലഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃക രൂപീകരിക്കുകയും വേണം.

 തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വ്യവസായ പ്രമുഖരില്‍ നിന്നുള്ള വിദഗ്ധോപദേശം, ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന ജോലി സ്ഥലം, വിജയകരമായ മാതൃകകളുടെ വാണിജ്യ സാധ്യതകള്‍ തേടാനായുള്ള സഹായം എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.

സ്വന്തമായി സ്റ്റാര്‍ട്ടപ്പ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
ഈ പദ്ധതി വഴി സഹായം ലഭിക്കാനാഗ്രഹിക്കുന്ന യുവസംരംഭകര്‍ ജൂണ്‍ 30 ന് മുമ്പായി
https://startupmission.kerala.gov.in/nidhiprayaas.    എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: :  nidhiprayas@startupmission.in

Comments (0)
Add Comment