നോർക്ക- യുകെ കരിയർ ഫെയർ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം

മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയറിന്റെ ഉദ്ഘാടനം നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. ചടങ്ങിൽ നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജനറൽ മാനേജർ അജിത്ത് കോളശ്ശേരി. റിക്രൂട്ട്‌മെന്റ് മാനേജർ ശ്യാം ടി കെ, വെയിൽസിൽ നിന്നുൾപ്പടെയുള്ള യുകെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.യുകെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് നഴ്‌സുമാർ, ജനറൽ മെഡിസിൻ, അനസ്‌തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖങ്ങൾ നടക്കുക. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യുകെയിലെ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാകും നടക്കുക.ബിരുദാനന്തര ബിരുദത്തിനു ശേഷം 4 വർഷത്തെ എക്‌സ്പീരിയൻസ് ഉള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല. നഴ്‌സ് തസ്തികയിലേക്ക് OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയിൽ യുകെ സ്‌കോറും) നഴ്‌സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സി വി , ഒഇടി സ്‌കോർ എന്നിവ അയയ്ക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് മെയ് 3 വരെ അപേക്ഷിക്കാവുന്നതാണെന്ന് നോർക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.യുകെയിൽ എൻഎച്ച്എസ് (നാഷണൽ ഹെൽത്ത് സർവ്വീസസ്) സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പും യുകെയിലെ മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും ഫെയറിൽ പങ്കെടുക്കുന്നുണ്ട്.

Comments (0)
Add Comment