യെദിയൂരപ്പയുടെ ആത്മവിശ്വാസം ശരിവെച്ച്‌ ജഗദീഷ് ഷെട്ടാര്‍ പിന്നില്‍

ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം 32000ത്തോളം വോട്ടിന് പിന്നിലാണ്. ഷെട്ടാറിന് ഇതിനകം 27750 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് തെങ്കിനകൈ 59205 വോട്ട് നേടിയിട്ടുണ്ട്.2008, 2013, 2018 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ വിജയം പിടിച്ച ഷെട്ടാറിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി സകല ആയുധങ്ങളും പുറത്തെടുത്തിരുന്നു. 70,000 ലിംഗായത്തുകളും 30,000 മുസ്‍ലിംകളും 36,000 പട്ടികജാതി-പട്ടിക വര്‍ഗക്കാരും 14,000 ക്രൈസ്തവരുമാണ് മണ്ഡലത്തിലുള്ളത്.ബി.ജെ.പിയില്‍ ലിംഗായത്ത് നേതാക്കളെ പുറന്തള്ളാന്‍ ബി.എല്‍. സന്തോഷ് നടത്തിയ നീക്കമാണ് തനിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ഷെട്ടാര്‍ ആരോപിച്ചിരുന്നു. സന്തോഷിനെതിരായ വിമര്‍ശനവും ലിംഗായത്ത് അവഗണന ആരോപണവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. ഇത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ഷെട്ടാറിന്റെ തോല്‍വി ഉറപ്പിച്ച്‌ മറുപടി നല്‍കാന്‍ ബി.ജെ.പി കരുനീക്കിയത്.ഹുബ്ബള്ളിയില്‍നിന്നുള്ള എം.പിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് ഓപറേഷന്‍ അരങ്ങേറിയത്. ഷെട്ടാറിനൊപ്പം പോയ പ്രാദേശിക നേതാക്കളെ തിരിച്ചുകൊണ്ടുവരുകയും കോണ്‍ഗ്രസ് ചേരിയില്‍നിന്ന് വമ്ബന്മാരെ അടര്‍ത്തുകയും ചെയ്തു. ഹുബ്ബള്ളി-ധാര്‍വാഡ് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് ക്യാരകട്ടി ബി.ജെ.പിയിലെത്തി.ഷെട്ടാറിന് ഐക്യദാര്‍ഢ്യവുമായി രാജിവെച്ച ഹുബ്ബള്ളി- ധാര്‍വാഡ് സിറ്റി കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍മാരെയും പ്രഹ്ലാദ് ജോഷി പാര്‍ട്ടിയിലേക്ക് തിരികെയെത്തിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി കേന്ദ്ര നേതാക്കളാണ് ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തില്‍ എത്തിയത്. ഷെട്ടാര്‍ വിജയിക്കില്ലെന്നും ഇക്കാര്യം താന്‍ ചോരകൊണ്ട് എഴുതിവെക്കാമെന്നും കഴിഞ്ഞദിവസം മുതിര്‍ന്ന നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു.

Comments (0)
Add Comment