വിമാനം തകര്‍ന്ന് കൊടുംകാട്ടില്‍ 17 നാള്‍ അനാഥരായി അലഞ്ഞുനടന്ന മക്കളെ ഒടുവില്‍ കണ്ടെത്തിയ

വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയുടെ സഹായത്തോടെ 100 സൈനികരും മണംപിടിക്കുന്ന നായ്ക്കളുമടക്കം പങ്കാളികളായ തിരച്ചിലിനൊടുവിലാണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ നാലു കുട്ടികളെയും 17 ദിവസത്തിനു ശേഷം തിരികെ കിട്ടിയത്. 13, 9, 4 വയസ്സുകാരാണ് മറ്റു കുട്ടികള്‍. പൈലറ്റടക്കം മൂന്നു മുതിര്‍ന്നവരും നാലു കുട്ടികളുമായി ആമസോണാസ് പ്രവിശ്യയില്‍ അരാരകുവാരയില്‍നിന്ന് ഗ്വാവിയര്‍ പ്രവിശ്യയിലേക്ക് ഏഴ് പേരുമായി യാത്രതിരിച്ച സെസ്ന 206 വിമാനമാണ് അപകടത്തില്‍പെട്ടിരുന്നത്. ഒരേ അമ്മയുടെ മക്കളായിരുന്നു നാലു കുട്ടികളും. മാതാവ് ദുരന്തത്തില്‍ മരിച്ചു.കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് മക്കളെ കണ്ടെത്തിയ വിവരം സമൂഹമാധ്യമത്തില്‍ അറിയിച്ചത്. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെന്ന് സൈന്യം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ എന്‍ജിന്‍ തകരാറുള്ളതായി പൈലറ്റ് അറിയിച്ച്‌ വൈകാതെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലില്‍ തകര്‍ന്നുവീണ വിമാനം കണ്ടെത്തി. കുട്ടികളുടെ മാതാവടക്കം മുതിര്‍ന്ന മൂന്നുപേരുടെയും മൃതദേഹവും ലഭിച്ചു. കുട്ടികള്‍ നാലുപേരെയും കണ്ടെത്താനായില്ല. ഇവര്‍ കഴിച്ചതിന്റെയെന്ന് കരുതുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മുലപ്പാല്‍ കുപ്പി, ഹെയര്‍ബാന്‍ഡ്, കത്രിക, വടിയും ചില്ലകളും കൊണ്ട് കെട്ടിയ മറ എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സൈനികവിമാനങ്ങളടക്കം പങ്കാളികളായ തിരച്ചില്‍ ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു.ഹ്യൂട്ടോട്ടോ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റോഡ് സൗകര്യം കുറവായതിനാല്‍ ഇവിടെ കുടുംബങ്ങള്‍ യാത്രകള്‍ക്ക് കുഞ്ഞുവിമാനങ്ങളുടെ സഹായം തേടാറുണ്ട്. ഇത്തരം യാത്രകളിലൊന്നാണ് ദുരന്തമായത്. കാട്ടില്‍ കഴിഞ്ഞ് പരിചയമുള്ളതിനാലാണ് കുട്ടികള്‍ ഇത്രനാള്‍ അതിജീവിച്ചതെന്നാണ് സൂചന. കണ്ടെത്തിയ കുട്ടികളെ പുഴക്കരയിലെത്തിച്ച്‌ ബോട്ടില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയതായി അപകടത്തില്‍പെട്ട വിമാനത്തിന്റെ ഉടമ അറിയിച്ചു.

Comments (0)
Add Comment