വേനല്‍മഴ എത്തിയതോടെ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ക്ക് നിന്നുതിരിയാന്‍ നേരമില്ല, പറയുന്ന വിലയ്ക്ക് വാങ്ങാന്‍ ആവശ്യക്കാര്‍ ക്യൂ നില്‍ക്കുന്നു

വേനല്‍മഴയെത്തിയതോടെ ആറ്റിലും കനാലുകളിലും ഏറ്റുമീനിന്റെ കാലമാണ്. ഏറ്റുമീൻ ചാകര ലക്ഷ്യമിട്ട് ചൂണ്ടാക്കാരും നിലയുറപ്പിച്ചു കഴിഞ്ഞു.ചിലര്‍ക്ക് ഒഴിവുദിന വിനോദമാണ് ഇതെങ്കില്‍ മറ്റു ചിലര്‍ക്ക് ജീവനോപാധിയാണ് ചൂണ്ടയിടല്‍.ചെറിയതോതില്‍ മഴയും മേഘാവൃതമായ ആകാശവുമുള്ളപ്പോള്‍ ചൂണ്ടയിട്ടാല്‍ മീൻ കൊത്തും. ഇത് മുന്നില്‍ കണ്ടാണ് ചൂണ്ടയിടല്‍ സംഘങ്ങള്‍ തമ്ബടിക്കുന്നത്. യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ ചൂണ്ടയുമായുണ്ട്.മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുളവൂര്‍ തോട്ടിലും ചൂണ്ടയിടാൻ ധാരാളം പേര്‍ എത്തുന്നു. മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാതകളിലും തോടുകളുടെ പാലങ്ങളിലുമെല്ലാം പ്രായഭേദമെന്യേ ചൂണ്ടയിടലുകാരെ കാണാം. പുഴ മീനുകള്‍ക്ക് ആവശ്യക്കാര്‍ഏറെ. ചേറ്, വരാല്‍, മനഞ്ഞില്‍, വാള, കട്‌ല, റൂഹ് അടക്കമുള്ള മത്സ്യങ്ങളാണ് ചൂണ്ടയില്‍ കുടുങ്ങുന്നത്.ചൂണ്ടയില്‍ നാടൻ മുതല്‍ വിദേശി വരെനാടൻ ചൂണ്ടകള്‍ മുതല്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ചൂണ്ടകള്‍ വരെ ഇവര്‍ ഉപയോഗിക്കുന്നു. 6000 രൂപ മുതല്‍ വിപണിയില്‍ വിദേശ ഇനം ചൂണ്ട ലഭ്യമാണ്. ആദ്യകാലത്ത് ചൂണ്ടയില്‍ കോര്‍ത്തിരുന്നത് മണ്ണിരയെയാണ്. ഉണക്ക ചെമ്മീൻ, ചെറുപരലുകള്‍, കോഴി വേസ്റ്റ്, മൈദ മാവില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തുണ്ടായ ചെറിയ ഗുളിക തുടങ്ങിയവയാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. മൈദമാവാണ് മീൻ കൊത്താൻ ഏറ്റവും നല്ലത്.ചൂണ്ടയിട്ട് പിടിക്കുന്ന മീനുകള്‍ക്ക് വൻ ഡിമാന്റാണ്. പറയുന്ന വിലയ്ക്ക് വാങ്ങാൻ ആവശ്യക്കാരുണ്ടെന്ന് മൂവാറ്റുപുഴ ആറില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കെ.ആര്‍. രാജേഷ് പറഞ്ഞു.

Comments (0)
Add Comment