ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
ഊഷ്മളമായ ഇന്തോ ഖത്തര്‍ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാര്‍ഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയില്‍ ഇന്ത്യന്‍ ചെടികളും പൂക്കളും വിളയുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധമാണ് കൂടുതല്‍ പരിമള പൂരിതമാകുന്നത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം ഖത്തറില്‍ സിമി പോളിന്റെ ഗാര്‍ഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്‌കോ ഫ്‌ളവര്‍ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്‍ഡന്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദര്‍ശിക്കാറുള്ളത്.
എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീന്‍ ദമ്പതികളുടെ മകളായ സിമി പോള്‍ ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയാണ്. തൃശൂര്‍ എടത്തിരുത്തി സ്വദേശി പോള്‍ ഇട്ടൂപ് വലിയ വീട്ടിലാണ് ഭര്‍ത്താവും കെവിന്‍ പോള്‍, എഡ് വിന്‍ പോള്‍ എന്നിവര്‍ മക്കളുമാണ് . കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവര്‍ത്തനം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി (കോടങ്ങാട്) സ്വദേശിയായ ഷഫീഖ് ഹുദവിക്ക് ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡാണ് ലഭിച്ചത്. തീര്‍ത്തും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹുദവി സ്വന്തം പരിശ്രമങ്ങള്‍കൊണ്ട് ഒരു മികച്ച സംരംഭകനായി വളരുകയായിരുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഖത്തറിന് പുറമേ യു.എ.ഇ, ഈജിപ്ത് , ഇന്ത്യ എന്നിവിടങ്ങളില്‍ ശാഖകളുള്ള അല്‍ മവാസിം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. അല്‍ മവാസിം ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ ആന്റ് സര്‍വീസസ്, അല്‍ മവാസിം അക്കാദമി, സി.കെ.എസ്. ലിമോസിന്‍, തുടങ്ങിയവയാണ് അല്‍ മവാസിം ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനങ്ങള്‍.
സൈദലവി ഹാജി ചക്കുന്നന്റേയും സൈനബ പൂന്തലയുടേയും മകനായ ഷഫീഖ് 2009ലാണ് ചെമ്മാട്ടെ പ്രശസ്തമായ ദാറുല്‍ ഹുദ അക്കാദിമിയില്‍ നിന്നും ഹുദവി ബിരുദമെടുത്തത്. തുടര്‍ന്ന് ഇഗ്നോയുടെ എം.എ. ഇംഗ്‌ളീഷും ഹൈദറാബാദില്‍ നിന്നും എം. എ. ഉറുദുവും പൂര്‍ത്തിയാക്കി. ബുഷ്‌റ തടത്തിലാണ് ഭാര്യ.
പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സോഷ്യല്‍ ലീഡേര്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെക്ക് വേണ്ടി യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറും തമിഴ് നാട് മുന്‍ ജഡ്ജുമായ ഡോ.കെ.വെങ്കിടേശന്‍, തമിഴ് നാട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സമ്പത്ത് കുമാര്‍ ഐ.എ.എസ്, യൂണിവേര്‍സിറ്റി ഡയറക്ടര്‍ വലര്‍മതി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ സംബന്ധിച്ച സോഷ്യല്‍ ലീഡേര്‍സ് കോണ്‍ഫറന്‍സ് സാമൂഹ്യ പുരോഗതിയില്‍ ലീഡര്‍ഷിപ്പിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു.