കിട്ടിയാലും സോമന് മതിയാകില്ല, ഒടുവില്‍ പ്രൊമോഷന്റെ തലേദിവസം വിജിലന്‍സ് പിടികൂടി

പ്രൊമോഷനോടെ ഇന്ന് തിരുവനന്തപുരം ഇലക്‌ട്രിക്കല്‍ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായി ചുമതലയേല്‍ക്കാനിരുന്ന ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്‌ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി.പത്തനംതിട്ട നിരണം കടപ്ര ശിവകൃപയില്‍ കെ.കെ സോമനെയാണ് (53) ഇന്നലെ രാവിലെ കോട്ടയം ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റില്‍ വച്ച്‌ വിജിലൻസ് സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു അറസ്റ്റ്.കോട്ടയത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായി കോട്ടയം ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ഓഫീസില്‍ എത്തിയ കരാറുകാരനോട് അനുമതി നല്‍കാൻ സോമൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണയായി പതിനായിരം രൂപ ഗൂഗിള്‍ പേ മുഖേന നല്‍കി. ഇതിനു ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോണ്‍ വിളി തുടര്‍ന്നതോടെ കരാറുകാരൻ വിജിലൻസിന് പരാതി നല്‍കി. ഇന്നലെ രാവിലെ ഫിനോഫ്‌തലിൻ പുരട്ടി നല്‍കിയ നോട്ട് ഇയാള്‍ പേഴ്സില്‍ വയ്ക്കുമ്ബോള്‍ മറഞ്ഞു നിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പലരില്‍ നിന്നും ഗൂഗിള്‍ പേ മുഖേന മൂന്ന ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളും വിജിലൻസിന് കിട്ടി. ഇതേ കരാറുകാരനോട് അസിസ്റ്റന്റ് എൻജിനിയര്‍ ശ്രീധിൻ 3000 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.വരവില്‍ കൂടുതല്‍ സ്വത്ത് സമ്ബാദിച്ചതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സോമനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.ഗുരുതര ക്രമക്കേടുകള്‍ കണ്ട് അറസ്റ്റിനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ പിടിയിലായത്. ഇയാള്‍ നിരണത്ത് ആഡംബര വീട് നിര്‍മിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയിലൂടെ ഉണ്ടാക്കിയ സമ്ബാദ്യത്തിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയ സോമനെ റിമാൻഡ് ചെയ്തു

Comments (0)
Add Comment