വിവര വിനിമയ രംഗത്ത് രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതിനിടെയാണ് സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്വകാര്യ കമ്പനികളുടെ ധാരാളിത്തമുള്ള ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവന രംഗത്തേക്കാണ് കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നൊരു സ്ഥാപനം രംഗപ്രവേശം ചെയ്യുന്നത്.2020 ല്‍ തുടക്കമിട്ട കോവിഡ് കാല പ്രതിസന്ധികള്‍ക്കിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഇല്ലാതെ വലിയൊരു വിഭാഗം ജനങ്ങള്‍ വിഷമസ്ഥിതിയിലാവുകയുണ്ടായി. വര്‍ക്ക് അറ്റ് ഹോം ജോലികളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമെല്ലാം സജീവമായി. ഇന്റര്‍നെറ്റിന്റെ പ്രധാന്യം എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ അവസരത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഭരണകൂടം കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്.