പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണിയുമായി ട്രയംഫ്

R, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മിഡില്‍ വെയ്റ്റ് നേക്കഡ് സൂപ്പര്‍ബൈക്കുകളെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ സ്ട്രീറ്റ് ട്രിപ്പിളിന്റെ മോട്ടോ2 വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ആവര്‍ത്തനങ്ങളെ അപേക്ഷിച്ച്‌ മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ഫൈറ്റര്‍ ഒന്നിലധികം മാറ്റങ്ങളുമായാണ് 2023 സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണി ട്രയംഫ് പുറത്തിറക്കിയിരിക്കുന്നത്.മിനുക്കിയെടുത്ത രൂപത്തിനൊപ്പം കൂടുതല്‍ പെര്‍ഫോമന്‍സും ബ്രാന്‍ഡ് പുത്തന്‍ സീരീസില്‍ വാഗ്ദാനം ചെയ്യുന്നു. സ്ട്രീറ്റ് ട്രിപ്പിള്‍ 765 R വേരിയന്റിന് 10.17 ലക്ഷം രൂപയും സ്ട്രീറ്റ് ട്രിപ്പിള്‍ 765 RS വേരിയന്റിന് 11.81 ലക്ഷം രൂപയുമാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. വാഹനം വാങ്ങാന്‍ താത്പര്യം ഉള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ഈ പ്രീമിയം ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒരു പുതിയ കമ്ബഷന്‍ ചേമ്ബര്‍, വര്‍ധിച്ച കംപ്രഷന്‍ അനുപാതം, ഉയര്‍ന്ന സിലിണ്ടര്‍ പ്രഷര്‍ പരിധികള്‍, പുതിയ പിസ്റ്റണുകള്‍ എന്നിവ ചേര്‍ത്ത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണിയുടെ എഞ്ചിനില്‍ കാര്യമായ നവീകരണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മെച്ചപ്പെട്ട ആക്‌സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോര്‍സൈക്കിളിന്റെ ഗിയറിംഗും പരിഷ്‌കരിച്ചിട്ടുണ്ടെന്നും ട്രയംഫ് അവകാശപ്പെടുന്നുണ്ട്.സ്ട്രീറ്റ് ട്രിപ്പിള്‍ R വേരിയന്റില്‍ പുതിയ എഞ്ചിന്‍ പരമാവധി 118 bhp പവറില്‍ പരമാവധി 80 Nm torque നല്‍കുമ്ബോള്‍ RS പതിപ്പില്‍ ഈ എഞ്ചിന്‍ 128 bhp കരുത്തും സമാനമായ 80 Nm torque കണക്കുമാണ് നല്‍കുക. മെച്ചപ്പെട്ട ആക്‌സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോര്‍സൈക്കിളിന്റെ ഗിയറിംഗും ട്രയംഫ് പരിഷ്‌ക്കരിച്ചിട്ടുണ്ട്. പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണി ഒട്ടനവധി ഇലക്‌ട്രോണിക് എയ്ഡുകളുമായാണ് വരുന്നതും. ഇതില്‍ കോര്‍ണറിംഗ് എബിഎസ്, ലീന്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ലിങ്ക്ഡ് ബ്രേക്കിംഗ് സിസ്റ്റം, വീലി കണ്‍ട്രോള്‍, റോഡ്, റെയിന്‍, സ്പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകള്‍ പോലുള്ള ഫീച്ചറുകള്‍ റൈഡിംഗ് അനുഭവം വേറെ തലത്തിലെത്തിക്കുമെന്നാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്.RS വേരിയന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫാന്‍സി TFT സ്‌ക്രീനാണ് ട്രയംഫ് ഉപയോഗിച്ചിരിക്കുന്നത്. ലാപ് ടൈമര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ഇത് കൂടുതല്‍ ട്രാക്ക് അധിഷ്ഠിതമാണെന്നും പറയാം. സില്‍വര്‍ ഐസ്, ക്രിസ്റ്റല്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R തെരഞ്ഞെടുക്കാനാവുക. അതേസമയം സില്‍വര്‍ ഐസ്, കാര്‍ണിവല്‍ റെഡ്, കോസ്മിക് യെല്ലോ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ RS സ്വന്തമാക്കാനാവും. സ്ട്രീറ്റ് ട്രിപ്പിള്‍ RS-നെ ബോഡി-നിറമുള്ള ബെല്ലി പാന്‍, പിന്‍സീറ്റിന് മുകളിലുള്ള സീറ്റ് കൗള്‍, ലോവര്‍ ചെയിന്‍ ഗാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ കൂടുതല്‍ വ്യത്യസ്തമാക്കാനും ട്രയംഫിനായിട്ടുണ്ട്. സസ്‌പെഷന്‍ സജ്ജീകരത്തില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ 765 RS മോഡലിന് മുന്നില്‍ 41 mm ഷോവ അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്ക് സസ്പെന്‍ഷനും പിന്നില്‍ ഓഹ്ലിന്‍സ് മോണോ-ഷോക്കും ഒരുക്കിയിട്ടുണ്ട്. ബ്രേക്കിംഗിനായി മുന്നില്‍ ട്വിന്‍ 310 mm ഡിസ്‌കുകളും പിന്നില്‍ 220 mm ഡിസ്‌ക്കുമാണ് കമ്ബനി നല്‍കുന്നത്.

Comments (0)
Add Comment