ഒ അമിത വിമാന നിരക്ക് : മലബാർ ഡവലപ്മെൻ്റ് കൗൺസിൽ പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകി

ചാർട്ടേർഡ് വിമാന – കപ്പൽ ഓപ്പറേറ്റ് ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകണം.
കോഴിക്കോട്: ഉത്സവ- അവധിക്കാല സീസണിൽ വിമാന കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നൽകി. ഉത്സവകാലത്ത് അമിത നിരക്ക് ഈടാക്കുന്നത് പതിവാണെങ്കിലും ഇത്ര വലിയ വർധനവുണ്ടാകാറില്ല. ഓണക്കാലം മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വർധന. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. ഈ സാഹചര്യത്തിലാണ് ബഹു.പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കൗൺസിൽ പ്രസിഡൻ്റ് ഷെവ.സി.ഇ.ചാക്കുണ്ണി ഇ-മെയിൽ/ സ്പീഡ് പോസ്റ്റ് വഴി നിവേദനം സമർപ്പിച്ചത്. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
ഗൾഫ് മേഖലകളിൽ കഴിയുന്ന പ്രവാസികൾ കാലങ്ങളായി നേരിടുന്ന വെല്ലുവിളിയാണ് അവധിക്കാല, ആഘോഷ, സീസൺ കാലത്ത് വിമാന കമ്പനികൾ കുത്തനെ കൂട്ടുന്ന വിമാന ടിക്കറ്റ് നിരക്ക്. ഇത് മറികടക്കണമെങ്കിൽ ടിക്കറ്റ് ചാർജ് നിശ്ചയിക്കുന്നതിൽ വിമാന കമ്പനികൾക്ക് മേൽ വ്യോമയാമ മന്ത്രാലയത്തിൻ്റെ നിയന്ത്രണം ആവശ്യമാണ്. നിലവിൽ ഇത്തരമൊരു നടപടി സാധ്യമല്ലെന്ന മന്ത്രാലയ നിലപാട് അംഗീകരിക്കാനാവില്ല. സീസൺ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസിനും ബേപ്പൂർ – ദുബായ് കപ്പൽ സർവീസിനും അനുമതി നൽകി പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാറും നേരത്തെ ആവശ്യപ്പെട്ടതാണെന്നും ഷെവ. സി.ഇ.ചാക്കുണ്ണി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഷെവ. സി. ഇ. ചക്കുണ്ണി
പ്രസിഡന്റ്‌
മലബാർ ഡെവലപ്മെന്റ് കൗൺസിൽ.
9847412000.

Comments (0)
Add Comment