47-ാം വയസ്സിലും സിക്‌സ് പാക്ക് ബോഡി;ശരീര രഹസ്യം ഇത്‌

ജയ് ഭീം, സൂററൈ പോട്രു പോലുള്ള മികച്ച ചിത്രങ്ങള്‍ താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. അഭിനയത്തിന് മാത്രമല്ല, ഫിറ്റിനസ്സിനും പേരുകേട്ട നടനാണ് സൂര്യ. ദക്ഷിണേന്ത്യയിലെ ഏറ്റവും ഫിറ്റായ നടന്മാരില്‍ ഒരാളായ സൂര്യക്ക് 47 വയസ്സുണ്ട്.എന്നാല്‍ പ്രായത്തെ വെല്ലുന്ന ശരീരമാണ് താരത്തിനുള്ളത്. ഫിറ്റായ ശരീരവും സിക്സ് പാക്കുകളും ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. 47ാം വയസ്സിലും സൂര്യ ഇത്രയും മികച്ച രീതിയില്‍ ശരീരം എങ്ങനെ സൂക്ഷിക്കുന്നു എന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? സൂര്യയുടെ ഫിറ്റ്നസ്, ഡയറ്റ് ടിപ്‌സ് ഞങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു.

കഠിനാധ്വാനം

കഠിനാധ്വാനമാണ് സൂര്യയുടെ ഫിറ്റ്നസ് മന്ത്രം. എല്ലാ ദിവസവും, ഒരു പരാതിയും കൂടാതെ തന്റെ ജോലികള്‍ ചെയ്യുന്നു. ഒരു ദിവസം പോലും വെറുതേയിരിക്കാറില്ല. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ പോലും, ലോകത്തിന്റെ ഏത് കോണിലായാലും തന്റെ പരിശീലകനോടൊപ്പം സൂര്യ വ്യായമം ചെയ്യാറുണ്ട്. ഫിറ്റ്നസിന് പുറമെ, മികച്ച ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമവും അനിവാര്യമാണ്.

പ്രചോദനം

സൂര്യയുടെ ഫിറ്റ്‌നസ് പ്രചോദനം ആമിര്‍ ഖാനാണ്. സിക്‌സ് പാക്ക് ആബ്‌സ് ലഭിക്കുന്നതിന് ബോളിവുഡ് താരം തന്നെ വളരെയധികം പ്രചോദിപ്പിച്ചതായി സൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അന്നുമുതല്‍, എപ്പോഴും തന്റെ ശരീരം തീവ്രമായ പരിശീലനത്തിലൂടെ മികച്ചതായി സൂര്യ നിലനിര്‍ത്തുന്നു.

കഥാപാത്രത്തിന് അനുസൃതമായ ശരീരം

ജിമ്മില്‍ പോയി ദിവസവും രണ്ട് മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യാനും അസാമാന്യമായ ശരീരഘടന കൈവരിക്കാനും താരം ശ്രദ്ധിക്കുന്നുണ്ട്. സിനിമയ്ക്ക് അനുസൃതമായ കഥാപാത്രങ്ങളെ ആശ്രയിച്ച്‌ അദ്ദേഹം പരിശീലനം മാറ്റിക്കൊണ്ടിരിക്കുന്നു. സിങ്കത്തിലെ നിര്‍ഭയനായ പോലീസുകാരനോ കങ്കുവയിലെ യോദ്ധാവോ ആകട്ടെ, തന്റെ കഥാപാത്രത്തിനനുസരിച്ച്‌ ശരീരം ടോണ്‍ ചെയ്‌തെടുക്കുന്നു.

വ്യായാമശീലം

ഓരോ തരത്തിലുള്ള വ്യായാമത്തിനും അദ്ദേഹം കൃത്യമായ സമയം നല്‍കുന്നു. കാര്‍ഡിയോ വ്യായാമം നിര്‍ബന്ധമാണ്. ആദ്യം 30 മിനിറ്റ് കാര്‍ഡിയോ പരിശീലിച്ച്‌ ശരീരം തയ്യാറാക്കുന്നു, തുടര്‍ന്ന് 90 മിനിറ്റ് പേശി വളര്‍ത്തല്‍ വ്യായാമങ്ങള്‍. സ്റ്റാറ്റിക് ഹാംഗിംഗ് ലെഗ് റൈസുകള്‍, ഹാംഗിംഗ് ഓബ്ലിക്ക് റൈസുകള്‍, ഹാംഗിംഗ് ലെഗ് റൈസുകള്‍, ചിന്‍-അപ്പുകള്‍, പുള്‍-അപ്പുകള്‍ എന്നിവയാണ് മറ്റ് വ്യായാമങ്ങള്‍. സ്വാഭാവികമായി ശരീരം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നു. സ്റ്റിറോയിഡുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.

യോഗ

യോഗ, ജോഗിംഗ് എന്നിവയ്ക്കൊപ്പം കഠിനമായ വ്യായാമവും സൂര്യ പരിപാലിക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കാന്‍ അദ്ദേഹം യോഗയും ധ്യാനവും ചെയ്യാറുണ്ട്. ജോഗിംഗും സൂര്യക്ക് ഇഷ്ടമാണ്.

ഭക്ഷണക്രമം

തീവ്രമായ വര്‍ക്കൗട്ടുകള്‍ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും സൂര്യ ശ്രദ്ധിക്കാറുണ്ട്. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യമായ പോഷകാഹാരവും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും നല്‍കുന്നു.

ഡയറ്റ്

വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ കര്‍ശനമായി ഒഴിവാക്കുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങളും പാലുല്‍പ്പന്നങ്ങളും സൂര്യ ഒഴിവാക്കുന്നു. ഉപ്പും പഞ്ചസാരയും വളരെ കുറച്ച്‌ മാത്രമേ സൂര്യ കഴിക്കാറുള്ളൂ. പ്രോട്ടീന്‍ സമ്ബന്നമായ ഭക്ഷണമാണ് സൂര്യ രാവിലെ കഴിക്കാറ്. അതില്‍ മുട്ടയുടെ വെള്ളയും പാലും മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി കോഴിയിറച്ചിയും ചോറും കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. കൂടാതെ ഫ്രൈ ചെയ്ത ലഘുഭക്ഷണങ്ങളേക്കാള്‍ പഴങ്ങള്‍ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നു.

Comments (0)
Add Comment