അമിത വിമാന നിരക്ക് : സർക്കാരുകളും സംഘടനകളും പിന്തുണച്ചാൽ പരിഹരിക്കാം – യുഎഇ പ്രതിനിധി സംഘം

കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പൽ വാടകയ്ക്ക് എടുത്ത് എത്രയും വേഗം സർവീസ് ആരംഭിക്കണം.
കോഴിക്കോട് : ദുബായ് – കേരള സെക്ടറിൽ ചാർട്ടേഡ് വിമാന – കപ്പൽ സർവീസ് ആരംഭിച്ചാൽ ആഘോഷ – അവധി വേളകളിൽ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ വിമാന കമ്പനികൾ തയ്യാറാകുമെന്ന് യു എ ഇ. റീജിയൻ കൺവീനർ സി. എ. ബ്യൂട്ടിപ്രസാദ് പറഞ്ഞു. മലബാർ ഡെവലപ്പ്മെന്റ് കൌൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാറിലെ പ്രമുഖ സംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കൊച്ചിൻ ഷിപ്പ് യാർഡിലുള്ള 1200 യാത്രക്കാരെയും 1000 ടൺ കാർഗോയും കയറ്റാൻ സൗകര്യമുള്ള പുതിയ കപ്പൽ വാടകക്കെടുത്ത് എത്രയും വേഗം സർവീസ് ആരംഭിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.


ആഭ്യന്തര – അന്തർദേശീയ വിമാന നിരക്ക് യാത്രക്കാർക്ക് താങ്ങാവുന്നതിനപ്പുറം ആയ സാഹചര്യത്തിലാണ് മലബാർ ഡെവലമെന്റ് കൗൺസിൽ ചാർട്ടേഡ് കപ്പൽ – വിമാന സർവീസ് എന്ന ആശയം സർക്കാരുകളുടെയും, സംഘടനകളുടെയും മുന്നിൽ വെച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി വ്യക്തമാക്കി. കപ്പൽ സർവീസിന് വേണ്ടിയുള്ള ശ്രമം 2019 ൽ എം ഡി സി ആരംഭിച്ചുവെങ്കിലും കോവിഡ് മൂലം പ്രാവർത്തികമായില്ല.
കോവിഡിന് ശേഷം യാത്രക്കാർ പതിന്മടങ്ങ് വർധിച്ചുവെങ്കിലും 9 വർഷം കഴിഞ്ഞിട്ടും വിമാന കമ്പനികൾ നിരന്തരം അഭ്യർത്ഥിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഒരു സീറ്റ് പോലും വർധിപ്പിക്കാൻ അനുവദിച്ചിട്ടില്ല എന്നാണ് ദുബായിലെ വിമാന കമ്പനി ഉന്നത അധികാരികൾ എം ഡി സി പ്രതിനിധി സംഘത്തെ അറിയിച്ചത്. യാത്രക്കാർ വർദ്ധിക്കുകയും, ആനുപാതികമായി സീറ്റ് അനുവദിക്കാത്തത് വിമാന കമ്പനികൾക്ക് ചാകരയായി . ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് കപ്പൽ സർവീസ് എന്ന ആശയം എംഡിസി വീണ്ടും ഉന്നയിച്ചത്. മിതവും ന്യായവുമായ ഈ ആവശ്യത്തിന് പ്രതീക്ഷയിലും അപ്പുറമുള്ള സഹകരണവും പിന്തുണയുമാണ് സർക്കാരുകളിൽ നിന്നും, കഴിഞ്ഞദിവസം യുഎഇയിൽ പര്യടനം നടത്തിയപ്പോൾ വിമാന, കപ്പൽ കമ്പനികൾ, കപ്പൽ ഓപ്പറേറ്റർമാർ, പ്രവാസി സംഘടനകൾ, പ്രമുഖ വ്യക്തികളിൽ നിന്നും ലഭിച്ചത്.
പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ 15 കോടി ബഡ്ജറ്റിൽ അനുവദിച്ചതും, എം ഡി സി സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ മേൽ തുടർനടപടികൾക്കായി തുറമുഖ വകുപ്പ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും എല്ലാവർക്കും പ്രതീക്ഷ നൽകുന്നു.
എം.ഡി.സി യു.എ.ഇ പ്രതിനിധി സംഘത്തിന് ദുബായിൽ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്ത കൺവീനർ സി.എ. ബ്യൂട്ടി പ്രസാദിനെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് റാഫി പി.ദേവസി പൊന്നാട അണിയിച്ച് അനുമോദിച്ചു. അമിത വിമാനരക്ക് നിയന്ത്രിക്കാനുള്ള എം ഡി സി യുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട് റാഫി പി ദേവസി എല്ലാവിധ പിന്തുണയും അറിയിച്ചു. ഗൾഫിലേക്ക് പഴം പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ അയക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കപ്പൽ സർവീസ് ആരംഭിക്കുകയാണെങ്കിൽ കാർഗോ കയറ്റുമതിക്കും മലബാറിന്റെ സമഗ്ര വികസനത്തിനും ഉപകാരമാകുമെന്ന്
കാലിക്കറ്റ് ഹോൾസെയിൽ ഫ്രൂട്ട് മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് പി അബ്ദുൽ റഷീദ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്‌, ഗ്ലോബൽ ഇൻഡോ അറബ് കോൺഫിഡറേഷൻ പ്രസിഡന്റ് എം വി കുഞ്ഞാമു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും, സെക്രട്ടറി പി ഐ അജയൻ നന്ദിയും പറഞ്ഞു

ഷെവലിയാർ സി. ഇ. ചാക്കുണ്ണി
പ്രസിഡന്റ്
എം ഡി സി
അഡ്വക്കേറ്റ് എം കെ അയ്യപ്പൻ
ജനറൽ സെക്രട്ടറി എം ഡി സി
9847412000
കോഴിക്കോട്.
23-08-2023.

Comments (0)
Add Comment