അമേരിക്കയില്‍ മായാജാലം തുടര്‍ന്ന് മെസ്സി; മയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടറില്‍

ഡല്ലാസിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏറെ കുറേ തോല്‍വി ഉറപ്പിച്ചതാണ്. അവിടെയാണ് വീണ്ടും മിശിഹാ അവതരിക്കുന്നത്. 85ാം മിനിറ്റില്‍ മെസ്സിയുടെ അത്യുഗ്രൻ റെയിൻബോ ഫ്രീകിക്ക് ഡല്ലാസ് വലയില്‍ വന്നിറങ്ങിയതോടെയാണ് മത്സരം (4-4) സമനിലയില്‍ ആകുന്നതും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നതും. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ ഡല്ലാസിനെ കീഴടക്കി ഇൻറര്‍ മയാമി ലീഗ്സ് കപ്പിെൻറ ക്വാര്‍ട്ടറില്‍ കടന്നു.മെസ്സിയും ബുസ്കെറ്റ്സും ആല്‍ബയും അണിനിരന്ന ആദ്യ ഇലവൻ മയാമിക്കായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ ആല്‍ബയുടെ പാസില്‍ പതിവ് ഇടങ്കാലൻ ഷോട്ടില്‍ മെസി മയാമിക്കായി ലീഡെടുത്തു. 37ാം മിനിറ്റില്‍ ഫകുണ്ടോയിലൂടെ ഡല്ലാസ് സമനില പിടിച്ചു. 45ാം മിനിറ്റില്‍ ബെര്‍ണാടിന്റെ ഗോളിലൂടെ ഡല്ലാസ് ആദ്യ പകുതിയില്‍ ലീഡെടുത്തു. 63ാം മിനിറ്റില്‍ അലൻ വെലസ്കോയുടെ ഫ്രീകിക്കിലൂടെ മയാമിക്ക് മൂന്നാമത്തെ പ്രഹരവും ഏല്‍പ്പിച്ചു. ഒടുവില്‍ ആല്‍ബയുടെ പാസില്‍ നിന്നു ബെഞ്ചമിൻ ക്രെമാഷി മയാമിക്കായി ഒരു ഗോള്‍ മടക്കി.68 മത്തെ മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലര്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ മയാമി തോല്‍വി മുന്നില്‍ കണ്ടു. മത്സരത്തില്‍ 80 മത്തെ മിനിറ്റില്‍ മാര്‍കോ ഫര്‍ഫാന്റെ സെല്‍ഫ് ഗോള്‍ പിറന്നതോടെ മയാമിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു (4-3). 85ാം മിനിറ്റിലാണ് മെസ്സിയുടെ ഫ്രീകിക്ക് സമനില ഗോള്‍ വരുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.

Comments (0)
Add Comment