ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്; അഭിമാനനിമിഷത്തിലേക്ക് മണിക്കൂറുകള്‍ മാത്രം

‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും.ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമാകും.

ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.ലാന്‍ഡറിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെട്ടാല്‍ ലാന്‍ഡിങ് 27-ലേക്കു മാറ്റുമെന്ന് ഐ.എസ്.ആര്‍.ഒ. സ്‌പെയ്സ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായി പറഞ്ഞു.

19 മിനിറ്റില്‍ ലാന്‍ഡിങ്

ബുധനാഴ്ച വൈകിട്ട് 5.45-ന് ആരംഭിച്ച്‌ 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 25 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കുന്ന നടപടി ആരംഭിക്കുക. മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ വേഗം കുറച്ച്‌ ലാന്‍ഡ് ചെയ്യിക്കും.

ലാന്‍ഡ് ചെയ്തശേഷം

ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്ബ് വിടരും. ലാന്‍ഡ് ചെയ്ത് നാലു മണിക്കൂറിനുശേഷം ആറു ചക്രമുള്ള റോവര്‍ പുറത്തേക്ക്. ഇന്ത്യയുടെ ദേശീയപതാകയും ഐ.എസ്.ആര്‍.ഒ.യുടെ മുദ്രയും റോവറിലുണ്ട്. വേഗം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ ആയിരിക്കും. നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച്‌ പരിസരം സ്‌കാന്‍ ചെയ്യും. റോവര്‍ മുന്നോട്ടു നീങ്ങുന്നതിനിടെ ദേശീയ പതാകയും ഐ.എസ്.ആര്‍.ഒ. ലോഗോയും ചന്ദ്രന്റെ മണ്ണില്‍ (റിഗോലിത്) പതിയും. ചന്ദ്രന്റെ പ്രതലം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ റോവറില്‍ ഉപകരണമുണ്ട്. വിവരങ്ങള്‍ ലാന്‍ഡറിന് കൈമാറും.

Comments (0)
Add Comment