യു എ ഇ – കൊച്ചി – ബേപ്പൂർ കപ്പൽ സർവീസ് : നടപടികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി

കോഴിക്കോട് : മലബാർ ഡെവലപ്മെന്റ് കൗൺസിൽ യു എ ഇ പ്രതിനിധി സംഘം ദുബായ് – കേരള സെക്ടറിൽ ചാർട്ടേഡ് യാത്ര കപ്പൽ, വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
എം ഡി സി യുടെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിനിധികൾ യുഎഇയിൽ എത്തി പ്രവാസി സംഘടനകൾ, വിമാന കമ്പനികൾ, യാത്രാ കപ്പൽ ഓപ്പറേറ്റർമാർ, മറ്റു ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയിൽ യുഎഇ – കേരള സെക്ടറിൽ ചാർട്ടേഡ് കപ്പൽ – വിമാന സർവീസ് ആരംഭിക്കുന്നതിന് അനുകൂല നിലപാടും പിന്തുണയുമാണ് അറിയിച്ചത്. തിരിച്ചെത്തിയ പ്രതിനിധി സംഘം മാരിടൈം ബോർഡ് ഓഫീസിൽ ചെയർമാൻ എൻ.എസ്. പിള്ള ഐഎസിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരെല്ലാം യോഗം ചേർന്നു റിപ്പോർട്ട് അവലോകനയോഗം ചേർന്ന് വിലയിരുത്തിയതിനുശേഷം ആണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് റിപ്പോർട്ടും, ബന്ധപ്പെട്ട വകുപ്പുകൾ സർക്കാർ തലത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് നിവേദനവും സമർപ്പിച്ചു.
ഇതിന്റ അടിസ്ഥാനത്തിൽ തുടർനടപടികൾ കാലതാമസം ഇല്ലാതെ സ്വീകരിക്കാൻ തുറമുഖ വകുപ്പ് സെക്രട്ടറിക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് എം ഡി സി പ്രസിഡണ്ടിനെ രേഖാ മൂലം അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ആഘോഷ – അവധിവേളകളിൽ നീതീകരിക്കാനാവാത്ത ഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അത് നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും, ബഹു പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണ് കപ്പൽ സർവീസ് എന്ന ആവശ്യം മലബാർ കൗൺസിൽ മുഖ്യമന്ത്രി, തുറമുഖ വകുപ്പ് മന്ത്രി, ടൂറിസം മന്ത്രി, ചീഫ് സെക്രട്ടറി, നോർക്ക വൈസ് ചെയർമാൻ, കേരള മാരിടൈം ബോർഡ്, നോർക്ക മറ്റു ബന്ധപ്പെട്ടവരുടെയും മുമ്പിൽ അവതരിപ്പിച്ചു.
പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ 15 കോടി സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി ഏകദേശം 10000 രൂപ നിരക്കിൽ 200 കിലോ ലഗേജ്നോടൊപ്പം മൂന്നു ദിവസം കൊണ്ട് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും എത്താനാവും. പുറമേ ചുരുങ്ങിയ ചിലവിൽ കാർഗോ കയറ്റ് – ഇറക്കുമതിക്കും അവസരം ലഭിക്കും. ഇത് മലബാറിന്റെ സമഗ്ര വികസനത്തിന് ഏറെ ഉപകരിക്കും.
ബേപ്പൂർ തുറമുഖത്തിന് ഐ എസ് പി എസ് ( ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി ) സർട്ടിഫിക്കേഷന്‍ ലഭിച്ചു. ഇ ഡി ഐ ( ഇലക്ട്രോണിക് ഡാറ്റ ഇന്റർ ചെയ്ഞ്ച് ) സംവിധാനം സജ്ജമാക്കുന്നതും വഴി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നതോടെ വിദേശ കാർഗോ, പാസഞ്ചർ കപ്പലുകൾ നേരിട്ട് അടുപ്പിക്കുന്നതിനും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുന്നതും മലബാറിന്റെ വികസന കുതിപ്പിന് ഇടവരുത്തും.

ഷെവലിയാർ സി.ഇ. ചാക്കുണ്ണി
പ്രസിഡന്റ്‌
അഡ്വക്കേറ്റ് എം കെ അയ്യപ്പൻ
ജനറൽ സെക്രട്ടറി,
മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ.
9847763976
19-08-2023
കോഴിക്കോട്.

Comments (0)
Add Comment