ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഹിലാല്‍ ജയം സ്വന്തമാക്കിയത്.പിന്നില്‍നിന്നശേഷമാണ് ഹിലാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. സെര്‍ബിയൻ താരം അലക്സാണ്ടര്‍ മിത്രോവിച് ഹിലാലിനായി ഹാട്രിക് നേടി. ജയത്തോടെ ഹിലാല്‍ ഇത്തിഹാദിനെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ബ്രസീലിയൻ താരം റൊമാരിഞ്ഞോയിലൂടെ 16ാം മിനിറ്റില്‍ ഇത്തിഹാദാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 20 മിനിറ്റില്‍ മിത്രോവിചിലൂടെ ഹിലാല്‍ ഒപ്പമെത്തി. 38ാം മിനിറ്റില്‍ നായകൻ ബെൻസേമയിലൂടെ ഇത്തിഹാദ് വീണ്ടും മുന്നിലെത്തി. ഒന്നാം പകുതിയുടെ ഇൻജുറി ടൈമില്‍ മൊറോക്കൻ താരം അബ്ദുല്‍ റസാഖ് ഹംദല്ലയിലൂടെ ഇത്തിഹാദ് ലീഡ് ഉയര്‍ത്തി.രണ്ടാംപകുതിയില്‍ പകരക്കാരനായി ബ്രസീലിയൻ താരം മൈക്കല്‍ റിച്ചാര്‍ഡ് ഡെല്‍ഗാഡോ കളത്തിലെത്തിയതാണ് ഹിലാലിന് കരുത്തായത്. ഇതിനിടെ ബെൻസേമയുടെ തുടരെ തുടരെയുള്ള ഗോള്‍ ശ്രമങ്ങള്‍ ഹിലാല്‍ ഗോളി യാസീൻ ബൗനു വിഫലമാക്കി. 61ാം മിനിറ്റില്‍ മൈക്കളിന്‍റെ ക്രോസില്‍നിന്ന് മിത്രോവിച് രണ്ടാം ഗോള്‍ നേടി. 65ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മിത്രോവിച്ച് മത്സരത്തില്‍ ഹിലാലിനെ ഒപ്പമെത്തിച്ചു.71ാം മിനിറ്റില്‍ സലീം അല്‍-ദോസരിയാണ് ഹിലാലിന്‍റെ വിജയ ഗോള്‍ നേടിയത്. അഞ്ചു മത്സരങ്ങളില്‍നിന്ന് 13 പോയന്‍റാണ് ഹിലാലിനുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്ന് 12 പോയന്‍റുള്ള ഇത്തിഹാദ് രണ്ടാമതും. പരിക്കിനെ തുടര്‍ന്ന് ഹിലാലിനുവേണ്ടിയുള്ള ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്‍റെ അരങ്ങേറ്റം വൈകും.