പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് ഡോ.സെയ്ഫ് അല്‍ ഹാജിരിക്ക്

ദോഹ

പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനുമായിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ആദര സ്മരണകളുമായി, മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ ‘പ്രൊഫ.ശോഭീന്ദ്രന്‍ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്’ ഖത്തറിന്റെ പരിസ്ഥിതി മുഖമായ ഡോ.സെയ്ഫ് അല്‍ ഹാജിരിയ്ക്ക്.
കഴിഞ്ഞ ദിവസം നടന്ന പ്രൊഫ.ശോഭീന്ദ്രന്‍ അനുസ്മരണ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണരംഗത്തും മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സിനെ മുന്നോട്ടുനയിക്കുന്നതിലും അനര്‍ഘമായ സംഭാവനകള്‍ നല്‍കിയ മാഷിന്റെ ഓര്‍മകളും നിസ്വാര്‍ഥ സേവനങ്ങളും അയവിറക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഡിസംബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന മൈന്റ് ട്യൂണ്‍ ഇക്കോവേവ്‌സ് പത്താം വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ഖത്തറിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഫ്രണ്ട്‌സിന്റെ അമരക്കാരനായി ഡോ. സൈഫ് അല്‍ ഹാജിരി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഡോ. സൈഫ് അല്‍ ഹജാരി ഖത്തര്‍ സര്‍വകലാശാലയിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ അദ്ധ്യാപകനായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ അദ്ദേഹം 2002 വരെ തുടര്‍ന്നു. ഖത്തറിലെ വിദ്യാഭ്യാസ വിപ്‌ളവത്തിന് നേതൃത്വം കൊടുത്ത ഖത്തര്‍ ഫൗണ്ടേഷനില്‍ 1995 മുതല്‍ 2011 വരെ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സ്ഥാപകനായ അദ്ദേഹം ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്‍ഡന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.

യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് കമ്മീഷണറും ഗള്‍ഫ് നെറ്റ്വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ അന്താരാഷ്ട്ര അംബാസഡറുമായ അദ്ദേഹം മുബാദര ഫോര്‍ സോഷ്യല്‍ ഇംപാക്ട് സഹസ്ഥാപിക്കുകയും അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ഗ്രീന്‍ മാന്‍ എന്നറിയപ്പെട്ടിരുന്ന പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ നാമധേയത്തിലുള്ള പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവാര്‍ഡ് വിവരം കൈമാറിയ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര,സക്രട്ടറി ജനറല്‍ വീ.സീ.മഷ്ഹൂദ് എന്നിവരുമായി ഡോ. സൈഫ് അല്‍ ഹാജിരി പങ്കുവെച്ചു. പരിസ്ഥിതിക്ക് വേണ്ടി സമര്‍പ്പിച്ച പ്രൊഫസര്‍ ശോഭീന്ദ്രന്റെ ജീവിതവും സന്ദേശവും പുതിയ തലമുറക്ക് പ്രചോദനമാകുമെന്ന് ഡോ. സൈഫ് അല്‍ ഹാജിരി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ ഖത്തര്‍ സന്ദര്‍ശന വേളയില്‍ ഇരുവരും ദീര്‍ഘമായി സംസാരിക്കുകയും പാരിസ്ഥിക ചിന്തകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

‘മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം’എന്ന പ്രമേയത്തില്‍ ഏഴു രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എന്‍.ജി.ഒ ആയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് സൊസൈറ്റിയുടെ മുഖ്യ ഉപദേശകനായിരുന്നു പ്രൊഫ.ശോഭീന്ദ്രന്‍.

മാഷിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതിനായി ഓണ്‍ ലൈനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നരവധി പേര്‍ പങ്കെടുത്തു. ഗ്ലോബല്‍ ചീഫ് പാട്രണ്‍ സീ.ഏ.റസാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ വീ.സീ.മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര, ബഷീര്‍ വടകര, മുഹമ്മദലി വിലങ്ങലില്‍ ,ശ്യാം മോഹന്‍,സഈദ് സല്‍മാന്‍,ഉണ്ണി സുരേന്ദ്രന്‍,സമീല്‍ അബ്ദുല്‍ വാഹിദ്,വാസു വാണിമേല്‍,റസിയാ ഉസ്മാന്‍,അബ്ദുല്ല പൊയില്‍,അസീസ് സഖാഫി, ബഷീര്‍ നന്മണ്ട,
വേണുഗോപാല്‍ നാഗലശ്ശേരി,മൊയ്തു വാണിമേല്‍,അസീല്‍ ഫുആദ്,ഷുഐബ് ഉമര്‍ ,സാദിഖ് അലി ,നിസാര്‍ കപ്പാല രവീന്ദ്രന്‍, മുത്തലീബ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

Comments (0)
Add Comment