കേരള ടൂറിസത്തെക്കുറിച്ചുള്ള മന്ത്രി റിയാസിന്‍റെ പുസ്തകം ഷാര്‍ജ മേളയില്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി പുസ്തകത്തിന്‍റെ ആദ്യ പ്രതി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റും എഴുത്തുകാരനുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

ടൂറിസം രംഗത്തെ കേരളത്തിന്‍റെ നേട്ടങ്ങളും കോവിഡിനു ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും പന്ത്രണ്ട് അധ്യായങ്ങളുള്ള പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ വലീദ് ബുക്കാദിര്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്കുമാര്‍, ഷെയ്ഖ് അബ്ദുല്‍ അസീസ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍, ലോക കേരളസഭ അംഗം വി.ടി സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

168 പേജുള്ള പുസ്തകത്തില്‍ കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. കേരള ടൂറിസത്തിന്‍റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും കുറിച്ച് അവലോകനം നടത്തുന്ന പുസ്തകത്തില്‍ മന്ത്രി എന്ന നിലയിലുള്ള ഗ്രന്ഥകര്‍ത്താവിന്‍റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണാനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 മെയ് മാസത്തില്‍ അധികാരമേറ്റപ്പോള്‍ പ്രഥമശ്രദ്ധ കോവിഡിന് കടിഞ്ഞാണിടുക എന്നതായിരുന്നുവെന്നും ആ പ്രതിസന്ധിയില്‍ നിന്ന് ടൂറിസം മേഖലയെ കരകയറ്റാനായെന്നും പ്രകാശനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു. 2023 ല്‍ ലോകത്ത് സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇതിന്‍റെ പ്രതിഫലനമാണ്. നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന ടൂറിസം നിക്ഷേപക സംഗമം സംസ്ഥാനത്തിന്‍റെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക സമൂഹങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് പരിസ്ഥിതിസൗഹൃദ വികസനം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന് സംസ്ഥാനം നല്‍കുന്ന പ്രാധാന്യത്തെ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. കേരളത്തിന്‍റെ ടൂറിസം വിപണന മാതൃകയും തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് പോലുള്ള നൂതന ശ്രമങ്ങളും പ്രതിപാദിക്കുന്നു. സമ്പൂര്‍ണ സ്ത്രീസൗഹൃദ ലക്ഷ്യസ്ഥാനങ്ങള്‍, സാഹസിക വിനോദസഞ്ചാര പാക്കേജുകള്‍, ഡിസൈന്‍ പോളിസി, മലബാറിലെ ടൂറിസം വളര്‍ത്തുന്നതിനായി ഉള്‍നാടുകളിലേക്കുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ എന്നിവയും വിവരിച്ചിരിക്കുന്നു.

ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകം ഒരു ഗവേഷണാധിഷ്ഠിത ഗ്രന്ഥമാണെന്നും വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങള്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു.

നടന്‍ മോഹന്‍ലാലിന്‍റെ ആമുഖത്തോടെ മാതൃഭൂമി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു. നാടിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി എങ്ങനെ വിജയകരമായ ഒരുവിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിത്തുടങ്ങിയതായും മോഹന്‍ലാല്‍ പറയുന്നു.

Comments (0)
Add Comment