യുക്രെയിൻ റഷ്യ യുദ്ധം ആരംഭിച്ചത് മുതൽ മധ്യസ്ഥ ചർച്ചയ്ക്ക് എന്ന വ്യാജേന എരിതീയിൽ എണ്ണ ഒഴിക്കാനാണ് യൂറോപ്യൻ യൂണിയനും അമേരിക്കയും മറ്റും ശ്രമിക്കുന്നത്. യുക്രയിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് വാദിച്ച അമേരിക്ക ധാരാളം ആയുധ പാക്കേജുകളും അത്യാധുനിക ആയുധങ്ങളും നൽകുകയുണ്ടായി. ഇസ്രായേൽ നിരന്തരമായി ആക്രമിക്കുകയും ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുകയും ചെയ്തിരുന്ന ഒരു ജനത പതിറ്റാണ്ടുകൾ സഹിച്ച് അവസാനം കുറച്ച് റോക്കറ്റുകൾ തൊടുത്തു വിട്ടപ്പോൾ ആ ജനതയെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും അക്രമകാരികൾക്ക് പിന്തുണ അർപ്പിക്കുകയും ചെയ്ത ലോക സംഘടനകൾ ഫലസ്തീനെ എന്തുകൊണ്ട് അവഗണിച്ചു? എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ഒക്ടോബർ 17 ന് ബുധനാഴ്ച കണ്ട കാഴ്ച നമ്മെ പിടിച്ചുലക്കുന്നതാണ്. ഇസ്രായേലി ആക്രമണത്തിൽ ജീവഹാനി വന്നവരെയും പരിക്കേറ്റവരെയും അല്ലാത്തവരെയും കൊണ്ട് നിറഞ്ഞു കവിഞ്ഞ ഒരു ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ നരാധമന്മാർ ബോംബാക്രമണം നടത്തി. കുട്ടികളും സ്ത്രീകളുമടക്കം 500 ലേറെ പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിലവിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട വാർത്ത വരുന്നു, ഐക്യരാഷ്ട്ര സന്നദ്ധ പ്രവർത്തകരും ധാരാളം കൊല്ലപ്പെടുന്നു, ഗസ്സയിൽ ഓരോ പത്തു മിനുട്ടിലും ഓരോ കുട്ടി വീതം മരിക്കുന്നു. എന്നിട്ടും ഒരു യുദ്ധക്കുറ്റമായി കണക്കാക്കാൻ ഈ പറഞ്ഞ ആരും തയ്യാറായില്ല. എന്തുകൊണ്ട്.? ഇതൊന്നും മനപ്പൂർവ്വമല്ലെന്നു ന്യായികരിക്കാനാണ് ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുപിന്നിലെ രാഷ്ട്രീയ ലക്ഷ്യം വംശീയ ഉന്മൂലനം എന്നത് മാത്രമാണെന്ന് നമ്മൾ തിരിച്ചറിയണം.
(മുഹമ്മദ് നബീൽ, വർക്കല, ക്ലാസ്സ് 09, തിരുവനന്തപുരം യതീംഖാന, വള്ളക്കടവ്)