തിരുവനന്തപുരം: മറ്റ് രാജ്യങ്ങള്‍ ചൊവ്വയില്‍ വാസസ്ഥലം സ്ഥാപിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ അവരുമായി മത്സരിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നത് പ്രധാനമാണെന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ (വിഎസ്എസ് സി) ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. പല രാജ്യങ്ങള്‍ ചൊവ്വയില്‍ സ്ഥിരമായ കോളനികളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവരുടേതിന് തുല്യമായ സാങ്കേതികവിദ്യ നമുക്കുണ്ടെന്നും ഈ ദൗത്യത്തിന് തയ്യാറാണെന്നും നമ്മള്‍ തെളിയിക്കണമെന്ന് വിഎസ്എസ്സി ഡയറക്ടര്‍ പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി(ആര്‍ജിസിബി)യുടെ സി.വി രാമന്‍ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘മനുഷ്യ ബഹിരാകാശ ദൗത്യത്തിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.വി രാമന്‍റെ ജന്‍മദിനാചരണത്തിന്‍റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.
നാസ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒ നിര്‍ണായക സാങ്കേതിക പിന്തുണ നല്‍കുന്നുണ്ടെന്ന് വിഎസ്എസ് സി ഡയറക്ടര്‍ പറഞ്ഞു. അതിനാല്‍ ബഹിരാകാശ ദൗത്യരംഗത്തെ ശക്തികള്‍ ഇപ്പോള്‍ ഐഎസ്ആര്‍ഒയുമായി കൂടുതല്‍ പങ്കാളിത്തത്തിന് താത്പര്യപ്പെടുന്നു. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹകരണമുണ്ട്.
ലോഹങ്ങള്‍, ധാതുക്കള്‍, ജൈവവൈവിധ്യം തുടങ്ങിയ ആഴക്കടല്‍ വിഭവങ്ങളെ കുറിച്ച് പഠിക്കുന്നതിനായി മനുഷ്യനെ വഹിച്ചുകൊണ്ടുള്ള സമുദ്രയാന്‍ ദൗത്യത്തിനായി 5,000 മീറ്റര്‍ താഴ്ചയിലേക്ക് മുങ്ങാവുന്ന ഗോളാകൃതിയിലുള്ള പേടകം തയ്യാറാക്കുകയാണ് വിഎസ്എസ്സിയെന്ന് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. ആദിത്യ, ചന്ദ്രയാന്‍-1,2,3, ഗഗന്‍യാന്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായുള്ള വിക്ഷേപണ വാഹനങ്ങള്‍ നിര്‍മ്മിച്ചത് വിഎസ്എസ്സിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹിരാകാശ വിനോദസഞ്ചാരത്തിന് എങ്ങനെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് വിഎസ്എസ് സി ആലോചിച്ചു വരികയാണ്. കൂടുതല്‍ സ്വകാര്യ ഏജന്‍സികള്‍ ബഹിരാകാശ വിനോദസഞ്ചാരത്തിലും ബഹിരാകാശ ഖനനത്തിലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ് എന്നിവയുടെ സാധ്യതകള്‍ ബഹിരാകാശ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനിലെ ഉല്‍ക്കാവര്‍ഷവും അയഞ്ഞ മണ്ണുള്ള ഉപരിതലവും പര്യവേഷണ ദൗത്യങ്ങള്‍ക്ക് പ്രതികൂലമാണ്. അതേസമയം വളരെ നേര്‍ത്ത അന്തരീക്ഷവും 12 മണിക്കൂര്‍ വീതം രാത്രിയും പകലും കുന്നിന്‍പ്രദേശങ്ങളുമടക്കം ഭൂമിയോട് സാമ്യതകളുള്ള ചൊവ്വ പര്യവേഷണത്തിന് പറ്റിയ ഗ്രഹമാണ്.
ബഹിരാകാശ ദൗത്യത്തിലെ വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ച വിഎസ്എസ് സി ഡയറക്ടര്‍, ഗുരുത്വാകര്‍ഷണത്തെയും റേഡിയേഷനെയും അതിജീവിക്കുന്നതും ജൈവിക താളം, ഭാരമില്ലായ്മ, മാനസിക പ്രശ്നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതും നിര്‍ണായകമാണെന്ന് പറഞ്ഞു. 552 പുരുഷന്‍മാരും 72 സ്ത്രീകളും ഇതുവരെ ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ ആളുകളെ പരിശീലിപ്പിക്കുകയും സാങ്കേതികവിദ്യ നവീകരിക്കുകയും വേണം. ബഹിരാകാശ പരീക്ഷണം എങ്ങനെ നടത്താം, ചന്ദ്രനിലേക്ക് പോകാന്‍ കഴിയുന്ന വലിയ ശേഷിയുള്ള വാഹനം എങ്ങനെ നിര്‍മ്മിക്കാം, ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ എങ്ങനെ തിരികെ കൊണ്ടുവരാം, സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയവ 2025-35 കാലയളവില്‍ രാജ്യം ലക്ഷ്യമിടുന്ന പദ്ധതികളാണ്.ബഹിരാകാശത്തെ ജീവന്‍റെ വികാസവും യാത്രികര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഔഷധങ്ങളെയും പര്യവേഷണം ചെയ്യുന്ന ബയോ ആസ്ട്രോനോട്ടിക്സിന് മറ്റു സാങ്കേതികവിദ്യകളെപ്പോലെ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു